ന്യൂഡല്‍ഹി: കശ്മീരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഏകോപനത്തിന് മന്ത്രി എം ബി രാജേഷിനെ ചുമതലപ്പെടുത്തി. കാര്യങ്ങള്‍ വേഗത്തിലാക്കുവാന്‍ നോര്‍ക്കയുടെ മൂന്നംഗ സംഘം ദില്ലിയില്‍ നിന്ന് ശ്രീനഗറില്‍ എത്തി. കശ്മീരിലെ സോജില ചുരത്തില്‍ ഇന്നലെയാണ് ചിറ്റൂര്‍ ഗ്രാമത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി കൊണ്ടുള്ള അപകട വാര്‍ത്ത അറിയുന്നത്. ഇക്കഴിഞ്ഞ 30 നാണ് സുഹൃത്തുക്കളായ രാഹുല്‍, സുധീഷ്, അനില്‍, വിഘ്‌നേശ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം കാഷ്മീരിലേക്ക് ചിറ്റൂരില്‍ നിന്ന് പോകുന്നത്. ഇതിനിടെയാണ് ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ചിറ്റൂര്‍ സ്വദേശികളായ 4 സുഹൃത്തുക്കള്‍ ഉള്‍പ്പെടെ 5 പേരാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. റോഡില്‍ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകട കാരണമെന്നാണ് പോലീസ് വ്യക്തമാക്കിയത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കാലാവസ്ഥ അനുകൂലമായാല്‍ മൃതദേഹം ഇന്ന് അര്‍ധരാത്രിയോടെയോ നാളെ രാവിലെയോടെയോ നാട്ടിലെത്തിക്കുമെന്നാണ് വിവരം.