തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വനിത യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൂടുതല്‍ അന്വേഷണത്തിലേയ്ക്ക്. സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഷഹ്ന. എ.ജെ യാണ് (27) മരിച്ചത്. അനസ്‌തേഷ്യ മരുന്ന് വീര്യംകൂടിയ അളവില്‍ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹം മുടങ്ങിയതാണ് ഷഹാന ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. പിജി പഠനകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം ആരോപിച്ചു. വിവാഹത്തിനായി വീടിന്റെ പെയിന്റ് പണിയുള്‍പ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയത്. എന്നാല്‍ ഇത് നല്‍കാന്‍ ഷഹ്നയുടെ കുടുംബത്തിന് കഴിയുമായിരുന്നില്ല. അതിനാല്‍ വിവാഹം മുടങ്ങുകയും ചെയ്തു. ഇതില്‍ മനോവിഷമത്തിലായിരുന്ന ഷഹ്ന ഡിപ്രഷനുള്‍പ്പെടെ അനുഭവിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു. ഷഹ്നയുടെ മരണത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
‘വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നല്‍കാന്‍ എനിക്കാരുമില്ല. സ്‌നേഹബന്ധത്തിന് ഈ ഭൂമിയില്‍ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം’ എന്നീ ചുരുങ്ങിയ വാക്കുകളില്‍ എഴുതി വെച്ചാണ് ഷഹ്ന ജീവനൊടുക്കിയത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിയിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫ്‌ലാറ്റിലെത്തി അന്വേഷിച്ചതില്‍ വാതില്‍ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് അകത്ത് കയറിയപ്പോഴാണ് അബോധാവസ്ഥയിലായിരുന്ന ഷഹ്നയെ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.