മിശ്രവിവാഹത്തിന് പിന്നില്‍ സിപിഎമ്മും ഡിവൈഎഫ്ഐയും’; പരാമര്‍ശവുമായി നാസര്‍ ഫൈസി കൂടത്തായി

Share

മിശ്ര വിവാഹത്തിനെതിനെതിരെ പരാമര്‍ശവുമായി സമസ്ത നേതാവും എസ് കെ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നത് സി പി എമ്മും ഡി വൈ എഫ് ഐയും എസ് എഫ് ഐയും ആണ് എന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടിയില്‍ വെച്ച് നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ല സാരഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുകയാണ്, ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ അത് മതേതരത്വമാകും എന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്ന സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും മതനിരാസത്തെ ശക്തമായി എതിര്‍ക്കാന്‍ മഹല്ല് ജമാഅത്തുകള്‍ സംഘടിക്കണമെന്നും, ഈ വിഷയത്തില്‍ ജമാഅത്ത് മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടി. മതേതരത്വം എന്നത് മിശ്രവിവാഹമല്ല മറിച്ച് സൗഹൃദം നിലനിര്‍ത്തുക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല നാസര്‍ ഫൈസി കൂടത്തായി ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത്. നേരത്തെ കമ്യൂണിസം സമൂഹത്തില്‍ നിലനില്‍ക്കേണ്ട ആശയമല്ലെന്നും ആശയം അന്യവല്‍ക്കരിക്കപ്പെട്ടുവെന്നും, എസ് എഫ് ഐ ക്യാമ്പസുകളില്‍ മത വിരുദ്ധത പ്രചരിപ്പിക്കുന്നെന്നും നാസര്‍ ഫൈസി ആരോപിച്ചിരുന്നു.