ലണ്ടന്‍: കുടിയേറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ അടക്കം നിരവധി വിദേശികളെ ബാധിക്കുന്ന പുതിയ തൊഴില്‍ നിയമവുമായി ബ്രിട്ടന്‍. പുതിയ തീരുമാനപ്രകാരം തൊഴില്‍ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി വര്‍ദ്ധിപ്പിച്ചതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. നിലവിലെ ശമ്പള പരിധിയായ 26,200 പൗണ്ടില്‍ നിന്നും 38,000 (40,01,932 ഇന്ത്യന്‍ രൂപ) പൗണ്ടിലേക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. അതായത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മൂല്യം കണക്കാക്കുമ്പോള്‍ ഏകദേശം 40,01,932 രൂപ ശമ്പത്തിലേക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. കുടുംബ വിസ ലഭിക്കാനും കുറഞ്ഞത് 38,700 പൗണ്ട് ശമ്പളം ഇനിമുതല്‍ വേണ്ടിവരും. ആശ്രിത വിസയ്ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം നേരത്തേ 18,600 പൗണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പരിധി ക്രമാതീതമായി ഉയര്‍ത്തിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനുള്ള സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്കും ആശ്രിത വിസയും പഠനാനന്തരമുള്ള താല്‍ക്കാലിക വര്‍ക്ക് വിസയും ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ നേരത്തേ തന്നെ ഭരണകൂടം കര്‍ശനമാക്കിയിരുന്നു. 2024 മുതല്‍ ഗവേഷണ സ്വഭാവമുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് മാത്രമേ ആശ്രിത വിസയും പോസ്റ്റ് സ്റ്റഡി വര്‍ക്ക് (PSW) വിസയും അനുവദിക്കുകയുള്ളു. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ ബ്രിട്ടനിലേയ്ക്കുള്ള പഠന സംബന്ധമായ വിസയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൊഴില്‍ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളത്തിന്റെ പരിധി ബ്രിട്ടന്‍ ഉയര്‍ത്തിയിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം 2022-ല്‍ മാത്രം 7,45,000 പേരാണ് യു.കെ-യിലേയ്ക്ക് കുടിയേറിയത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഒരുവര്‍ഷം കൊണ്ട് കുടിയേറ്റത്തില്‍ മൂന്ന് ലക്ഷം പേരുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം നിലവില്‍ വരുന്നതോടെ പരിചാരകരെയോ പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയില്‍ ഒപ്പം കൂട്ടാനാകില്ല. കെയറര്‍ വിസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഈ വര്‍ഷം മാത്രം 75,717 ആശ്രിത വിസകളാണ് അനുവദിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.