‘അബോര്‍ഷന് ജീവിതപങ്കാളിയുടെ സമ്മതം ആവശ്യമില്ല’; നിയമത്തില്‍ ഭേദഗതിയുമായി യു.എ.ഇ

Share

ദുബായ്: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് യുഎഇ-യില്‍ ശ്രദ്ധേയമായൊരു നിയമ ഭേദഗതി വന്നിരിക്കുകയാണ്. അതായത് ഒരു വിവാഹിതയായ സ്ത്രീയ്ക്ക് അടിയന്തരമായി ഗര്‍ഭച്ഛിദ്രം ആവശ്യമുണ്ടെങ്കില്‍ പുതിയ നിയമപ്രകാരം ജീവിത പങ്കാളിയുടെ അനുവാദം ആവശ്യമില്ല. പകരം ഗര്‍ഭസ്ഥ ശിശുവിന്റെയോ ഗര്‍ഭിണിയുടെയോ ജീവന്‍ അപകടത്തിലാണെന്ന ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമവിധേയമായി തന്നെ യു.എ.ഇ-യില്‍ ഇനിമുതല്‍ അബോര്‍ഷന് വിധേയമാകാം. എന്നാല്‍ പുതിയ നിയമത്തിലും പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം..ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ ഗര്‍ഭിണിയുടെ സമ്മതം നിര്‍ബന്ധമാണ്. എന്നാല്‍ അതിനും ചില നിബന്ധനയുണ്ട്. അബോര്‍ഷന്‍ വേണ്ട ഘട്ടത്തില്‍ ഗര്‍ഭിണിക്ക് അനുവാദം നല്‍കാന്‍ കഴിയാത്ത മാനസികരോഗം ഉണ്ടെങ്കില്‍ അതല്ല അബോധാവസ്ഥ പോലുള്ള സാഹചര്യങ്ങളിലൊക്കെ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ സമ്മതം നിര്‍ബന്ധമായി വാങ്ങേണ്ടതുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ അംഗീകരിച്ച നിയമത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് പരിധിയുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. ജനിക്കുന്ന കുഞ്ഞിന് ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസകരമാണെന്ന് വ്യക്തമാവുകയും ഗര്‍ഭസ്ഥശിശുവിന് 120 ദിവസത്തില്‍ താഴെ മാത്രമേ വളര്‍ച്ചയുള്ളൂ എങ്കില്‍ മാത്രമാണ് പഴയ നിയമത്തില്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നത്. ഗര്‍ഭധാരണം മാതാവിന്റെ ജീവന്‍ അപകടത്തിലാക്കുകയോ അല്ലെങ്കില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സംതൃപ്തമായ ജീവിതം നയിക്കാന്‍ കഴിയാത്തവിധം അസാധാരണ ന്യൂനതകള്‍ ഉണ്ടാകുകയോ ചെയ്താല്‍ മാത്രമാണ് യുഎഇ-യില്‍ അബോര്‍ഷന്‍ അനുവദിക്കുന്നത്. അപ്പോഴൊക്കെ ജീവിത പങ്കാളിയുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നുള്ളൂ.. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രാദേശിക, ഫെഡറല്‍ നിയമങ്ങളുടെ തുടര്‍ച്ചയാണ് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് യു.എ.ഇ-യില്‍ പുതിയ നിയമനിര്‍മാണം നടത്തിയിരിക്കുന്നത്.