ഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കി സുപ്രീം കോടതി. സര്‍വീസില്‍ നിന്നും വിരമിച്ച ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വി.സിയായുള്ള പുനര്‍നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. പുനര്‍നിയമനം ചോദ്യം ചെയ്ത ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു എന്നാണ് വിധി പ്രസ്താവനയില്‍ കോടതി ചൂണ്ടിക്കാട്ടിയത്. നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
പുനര്‍ നിയമനത്തിന് അനുമതി നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. വൈസ് ചാന്‍സലറെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും വിമര്‍ശിച്ച സുപ്രീംകോടതി ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും കുറ്റപ്പെടുത്തി. ചാന്‍സലര്‍ കൂടിയായ ഗവർണർ തന്റെ അധികാരം അടിയറവച്ചെന്ന് കോടതി നിരീക്ഷിച്ചു.
സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. അറുപത് വയസ് കഴിഞ്ഞവര്‍ക്ക് എങ്ങനെ പുനര്‍നിയമനം നല്‍കുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. പുനര്‍നിയമനത്തിന് പ്രായം അടക്കമുള്ള മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പ്രായപരിധി പുനര്‍നിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വിസിയായതിനാല്‍ തനിക്ക് പുനര്‍നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു. ഈ വാദം മുമ്പ് ഹൈക്കോടതി ശരിവച്ചതിനെ കുറ്റകരമായ വിധിയെന്നാണ് സുപ്രീം കോടതി വിമർശിച്ചത്.
അതേസമയം പുനര്‍നിയമന ഉത്തരവില്‍ ഒപ്പുവച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്നും ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിരന്തരം സമ്മര്‍ദമുണ്ടായിരുന്നതായും ഗവര്‍ണര്‍ വിശദീകരിച്ചു. മുഖ്യമന്ത്രിക്കും ഉന്നത വിദ്യഭ്യാസ മന്ത്രി ആർ. ബിന്ദുവിനും തൽസ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാണെന്നും ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വിസി പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഇന്ന് തന്നെ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്ന കോടതി വിധിയിലുണ്ടെന്നും ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചു നടത്തിയ ഗൂഡാലോചനയാണിതെന്നും അവര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.