ചോര്‍ന്നൊലിക്കുന്ന എയര്‍ ഇന്ത്യ വിമാനയാത്ര.. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍…

Share

ഡല്‍ഹി: ‘മഴ പെയ്താല്‍ ചോരുന്ന വീട്’.. നമ്മള്‍ കേട്ട് തഴമ്പിച്ച ശ്രദ്ധേയമായ ഒരു മലയാള സിനമ പാട്ടിന്റെ വരിയാണ്. ഇത് കേള്‍ക്കുമ്പോള്‍ മഴക്കാലത്തെ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ഓലമേഞ്ഞ വീടുകളെ ഓര്‍മ വരും. ദാരിദ്ര്യത്തിന്റെ തീവ്രത എത്രയാണെന്ന് സൂചിപ്പിക്കാന്‍ ഈ ഒറ്റവരിയിലൂടെ കഴിയും എന്നതാണ് പ്രത്യേകത. പറഞ്ഞത് വീടിനെ കുറിച്ചാണെങ്കിലും ഇവിടുത്തെ വിഷയം എയര്‍ ഇന്ത്യ വിമാനമാണ്. തുള്ളിക്കൊരു കുടം പോലെ പെയ്യുന്ന മഴയെ ഓര്‍മ്മിപ്പിക്കും വിധം ചോര്‍ന്നൊലിക്കുന്ന എയര്‍ ഇന്ത്യ വിമാനം യാത്രാക്കാരുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലും മുഖ്യധാര മാധ്യമങ്ങളിലും ഇപ്പോള്‍ ചര്‍ച്ച വിഷയം. ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് പറന്ന ബോയിംഗ് B787 വിമാനത്തിലായിരുന്നു ഈ ദുരിത യാത്ര.

വിമാനത്തിനുള്ളിലെ ഇരുവശങ്ങളിലും ബാഗുകളും മറ്റ് സാധനങ്ങളും വയ്ക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ഓവര്‍ഹെഡ് ബിന്നുകളില്‍ നിന്നും വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരനായിരുന്ന ബാള്‍ഡ്വിനര്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചത്. ദൃശ്യത്തിനൊപ്പം ആകര്‍ഷകവും വിമര്‍ശനവും കലര്‍ന്ന തലക്കെട്ടും കൂടി നല്‍കിയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എയര്‍ ഇന്ത്യ..ഞങ്ങള്‍ക്കൊപ്പം പറക്കൂ, ഇത് വൈറുമൊരു യാത്രയല്ല, ആഴത്തിലുള്ള അനുഭവമാണ്’ എന്നായിരുന്നു വീഡിയോക്ക് നല്‍കിയ തലക്കെട്ട് വാചകം. വെള്ളം ഇറ്റിറ്റു വീഴുന്ന ഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജനങ്ങളുടെ ഭാഗത്തുനിന്നും സമ്മിശ്ര പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഓവര്‍ഹെഡ് ബിന്നില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ള ബോട്ടിലിൽ നിന്ന് വെള്ളം ചോര്‍ന്നതാകാമെന്നാണ് ചിലര്‍ വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്. വെറുതെ കമ്പനിയെ പഴിക്കരുതെന്ന് ഒരുകൂട്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ ഇത് പരിതാപകരമാണെന്നും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചെന്ന് വിശ്വസിക്കുന്നതായും മറ്റ് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ചോര്‍ച്ചയെ കുറിച്ച് വിമാനത്തിന്റെ പൈലറ്റ് വിശദീകരിക്കുന്നതും വീഡിയോയുടെ അവസാനം കേള്‍ക്കാം. എന്നാല്‍ എന്താണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന വിശദമാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വീഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എയര്‍ ഇന്ത്യയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.