തിരുവനന്തപുരം: നാട്ടിലും മറുനാട്ടിലുമെല്ലാം ഇപ്പോഴത്തെ സംസാര വിഷയം പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടിലോടുന്ന റോബിന്‍ എന്ന പേരുള്ള ബസിനെ കുറിച്ചാണ്. മാധ്യമങ്ങള്‍ മാത്രമല്ല നാട്ടുകാര്‍ കൂടി വിഷയം ഏറ്റെടുത്തതോടെ ഏതാണ്ട് താരപരിവേഷത്തിലാണ് റോബിന്‍ ബസും അതിന്റെ നടത്തിപ്പ് ചുമതലയുള്ള ഗിരീഷും. എന്നാല്‍ കോടതി ഉത്തരവിലൂടെ നിരത്തിലിറക്കിയ ബസിനെതിരേ പ്രതികാര ദാഹത്തോടെ മോട്ടോര്‍ വാഹന വകുപ്പ് പിന്‍തുടരുന്നതിന്റെ കാരണമെന്താണെന്ന് സാധാരണക്കാര്‍ക്ക് ഇപ്പോഴും മനസിലാകുന്നില്ല. ബസ് നിരത്തിലിറങ്ങിയ ആദ്യ ദിവസം ഒരു ലക്ഷത്തിലധികം തുകയാണ് കേരള-തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി പിഴയിട്ടത്. അപ്പോള്‍ റോബിന്‍ ബസ് നിയമം ലംഘിച്ചാണോ സര്‍വീസ് നടത്തുന്നത്? അല്ലെങ്കില്‍ പിന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട് കോടതിയലക്ഷ്യമാകില്ലേ എന്നിങ്ങനെ നിരവധി സംശയങ്ങളും ചോദ്യങ്ങളും സമൂഹത്തില്‍ ഉയരുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇതാ…
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ നിയമം അനുസരിച്ച് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനം ‘സ്റ്റേജ് കാരിയറായി’ (അതായത് സമയബന്ധിതമായി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്) ഓടുന്നതിന് തടസ്സമില്ല. 2023 മേയ് ഒന്നിന് നിലവില്‍ വന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് നിയമത്തിലെ ചട്ടം 13 അനുസരിച്ച്, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 82 മുതല്‍ 85 A വരെയുള്ള നിബന്ധനകള്‍ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന് കൃത്യമായി പറയുന്നു. 82 മുതല്‍ 85 A വരെയുള്ള ചട്ടങ്ങളില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടതും 85-ാമത്തെ ചട്ടത്തില്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ പാലിക്കേണ്ട അധിക നിബന്ധനകളെക്കുറിച്ചുമാണ് പ്രത്യേകം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ചട്ടം 85 (9) പ്രകാരം ടൂറിസ്റ്റ് വാഹനം റൂട്ട് ബസായി ഓടിക്കാന്‍ പെര്‍മിറ്റ് ഉടമയ്ക്ക് അനുവാദമില്ല. ചട്ടം 85 (6) പ്രകാരം ടൂറിസ്റ്റ് ബസിന് റൂട്ട് ബസുകളുടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നതിനും ഇത്തരം ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് ബസുകളുടെ സര്‍വീസ് നടത്തുന്നതിനും അനുവാദമില്ലെന്നതാണ് സത്യം. ഭേദഗതി ചെയ്ത ടൂറിസ്റ്റ് വെഹിക്കിള്‍സ് പെര്‍മിറ്റ് ചട്ടത്തില്‍ സാധുവായ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഈ നിബന്ധനകള്‍ റദ്ദാക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് (പെര്‍മിറ്റ്) നിയമപ്രകാരം റോബിന്‍ ബസിന് സാധുവായ പെര്‍മിറ്റ് ഉണ്ടെങ്കില്‍ റൂട്ട് ബസ് ആയി സര്‍വീസ് നടത്തിയാല്‍ അധികൃതര്‍ക്ക് നടപടി എടുക്കാനോ പിഴ ചുമത്താനോ അധികാരമില്ല.
ഒരു വിഷയത്തില്‍ കേന്ദ്രനിയമവും സംസ്ഥാന നിയമവും ഉണ്ടെങ്കില്‍ കേന്ദ്രനിയമമാണ് അന്തിമവാക്കായി പറയുന്നുണ്ടെങ്കിലും സംസ്ഥാന ഗതാഗതവകുപ്പ് ഇതിനെ അംഗീകരിക്കാത്തതാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് തിരഞ്ഞെടുത്ത റൂട്ടുകളില്‍ സ്റ്റേജ്-കാരേജ് പെര്‍മിറ്റുകള്‍ അനുവദിക്കുന്ന സമ്പ്രദായമാണ് എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്നത്. അതായത് സാധുവായ സ്റ്റേജ് കാരിയേജ് പെര്‍മിറ്റ് ഇല്ലാതെ പ്രത്യേക യാത്രാ നിരക്കുകള്‍ നിശ്ചയിച്ച് റോബിന്‍ ബസ് ഒരു സ്റ്റേജ് കാരിയേജായി സര്‍വീസ് നടത്തുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇതിനാണ് കഴിഞ്ഞ ദിവസം റോബിന്‍ ബസിനെതിരെ 7500 രൂപ പിഴയിട്ടത്.
ടൂറിസ്റ്റ് വെഹിക്കിള്‍ പെര്‍മിറ്റ് നിയമങ്ങളിലെ ഭേദഗതികള്‍ 1989-ലെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന നിരവധി പഴക്കമുള്ള വ്യവസ്ഥകളെ മറികടക്കുന്നതാണ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക, യാത്രക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. പാര്‍ലമെന്റ് ഭേദഗതി ചെയ്ത നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. അതിനാല്‍ ഇത്തരം ലംഘനം ചൂണ്ടിക്കാട്ടി ബസ് ഉടമസ്ഥര്‍ക്കെതിരേ എംവിഡി എടുക്കുന്ന നടപടി നിയമ വിരുദ്ധമാണെന്ന് നിയമം പറയുന്നത്. ഉദ്യോഗസ്ഥരുടെ അനുമതിയോടെ തന്നെ ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള നിരവധി സ്വകാര്യ ബസുകള്‍ സ്റ്റേജ് കാരിയേജായി സര്‍വീസ് നടത്തുന്നുന്നുണ്ടെന്ന് സ്വകാര്യ ബസ് ഉടമകളും ചൂണ്ടിക്കാട്ടുന്നു. ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന വ്യത്യസ്തമായ പെര്‍മിറ്റ് വ്യവസ്ഥകള്‍ വിനോദ സഞ്ചാരികളെ ബാധിക്കാതിരിക്കാനും അതിന് പരിഹാരം കാണുന്നതിലേക്കുമാണ് കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എന്ന ആശയം നിയമമായി കൊണ്ടുവന്നത്. ഈ പെര്‍മിറ്റിന് ഒരുവര്‍ഷത്തേക്ക് മൂന്നു ലക്ഷം രൂപയാണ് ഫീസ്. മൂന്ന് മാസത്തേക്കാണ് പെര്‍മിറ്റ് എടുക്കുന്നതെങ്കില്‍ 90,000 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്.
ഇനി സ്റ്റേജ് കാരിയേജ് വിഷയത്തില്‍ റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ക്ക് മുന്‍നിശ്ചയിച്ചപ്രകാരം സ്ഥിരമായ ഒരു യാത്രാ സമയ ക്രമീകരണമുണ്ട്. യാത്ര സമയവും റൂട്ടും പരസ്യപ്പെടുത്തി ഓടാനും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാനും ഇത്തരം ബസുകള്‍ക്ക് അനുമതിയുണ്ട്. സമയം, സ്റ്റോപ്, റൂട്ട് എന്നിവ പെര്‍മിറ്റില്‍ രേഖപ്പെടുത്തുകയും കിലോമീറ്റര്‍ അടിസ്ഥാനമാക്കി യാത്രാനിരക്ക് നിശ്ചയിക്കുന്നത് സര്‍ക്കാരാണെന്ന പ്രത്യേകതയുമുണ്ട്. പെര്‍മിറ്റ് എടുക്കുമ്പോള്‍ ഉറപ്പു നല്‍കുന്ന സമയപ്രകാരം തന്നെ ബസ് ഓടിക്കാന്‍ ഉടമ ബാധ്യസ്ഥനാണെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം പെര്‍മിറ്റ് നല്‍കുന്നത് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികളാണെന്നതാണ് ഇതിന്റെ പ്രത്യേകത.