തിരൂര്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍; ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പ്രതിഷേധിച്ച് അഭിഭാഷകര്‍

Share

മലപ്പുറം: തിരൂര്‍ കോടതിയില്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റും ജൂനിയര്‍ അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. കഴിഞ്ഞ ഒന്നര വര്‍ഷമായി തല്‍സ്ഥാനത്ത് തുടരുന്ന ലെനിന്‍ ദാസ് എന്ന മജിസ്‌ട്രേറ്റിന്റെ ഭാഗത്തു നിന്നും നിരന്തരമായി അവഗണനയും അവജ്ഞയും അവഹേളനവും നേരിടുന്നതായി ചൂണ്ടിക്കാട്ടി തിരൂര്‍ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് കോടതി നടപടിക്രമങ്ങള്‍ ബഹിഷ്‌കരിച്ച് പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങി. കോടതി വളപ്പില്‍ തടിച്ചുകൂടിയ സ്ത്രീ-പുരുഷ അഭിഭാഷകര്‍ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ചു. ജൂഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ നിഷേധാത്മക നിലപാടിനെതിരെ ഉന്നത അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയിരുന്നതായും എന്നാല്‍ പരാതിയില്‍ പരിഹാരമാകാത്ത സാഹചര്യത്തിലാണ് കോടതി നടപടികള്‍ ബഹിഷ്‌കരിക്കേണ്ട സാഹചര്യമുണ്ടായതെന്നും  അഭിഭാഷക പ്രതിനിധികള്‍ പറഞ്ഞു. ജാതി ആക്ഷേപം അടക്കമുള്ള പരാമര്‍ശങ്ങള്‍ ഈ മജിസ്‌ട്രേറ്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍, ഭാരതീയ അഭിഭാഷക പരിഷത്ത്, കേരള ലോയേഴ്‌സ് ഫോറം, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് എന്നീ അഭിഭാഷക സംഘടനകളുടെ പ്രതിനിധികളും ജൂനിയര്‍ അഭിഭാഷകരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജൂനിയര്‍ അഭിഭാഷകനായ ഫവാസ് പുത്തൂരിനെ അപമാനിച്ച സംഭവം നീതികരിക്കാന്‍ കഴിയില്ലെന്നും താല്‍ക്കാലിക മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്നുമാണ് അഭിഭാഷകരുടെ സംയുക്ത കൂട്ടായ്മ ആവശ്യപ്പെടുന്നത്. മറ്റ് പ്രകോപനങ്ങളില്ലാതെ തന്നെ ജൂനിയര്‍ അഭിഭാഷകനെതിരെ ആക്രോശിക്കുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഡയസിലിരുന്നുകൊണ്ട് തന്നെ പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്ത നടപടി ജുഡീഷ്യറിക്ക് തന്നെ അപമാനമാണെന്ന് പ്രതിഷേധിച്ച അഭിഭാഷകര്‍ പറഞ്ഞു.

മുമ്പ് ഒരു കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് നിലവില്‍ ആരോപണ വിേധയനായ മജിസ്ര്‌ടേറ്റിനെ നേരില്‍ കാണാന്‍ എത്തിയ ജൂനിയര്‍ അഭിഭാഷക കൗന്‍സിലര്‍മാരെ ചെമ്മാനും ചെരുപ്പുകുത്തിയെന്നും വിളിച്ചാക്ഷേപിച്ചതായും അഭിഭാഷകര്‍ പറയുന്നു. ഇതിനെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമാനമായ മറ്റൊരു ദുരനുഭവം കൂടി താല്‍ക്കാലിക മജിസ്ര്‌ടേറ്റിന്റെ ഭാഗത്തുനിന്നും ജൂനിയര്‍ അഭിഭാഷകനുണ്ടായത്. മജിസ്‌ട്രേറ്റ് ഇരിക്കുന്നത് അര്‍ഹതയില്ലാത്ത സ്ഥാനത്താണെന്നും തല്‍സ്ഥാനത്ത് നിന്നും മജിസ്‌ട്രേറ്റിനെ നീക്കം ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഭാവി പരിപാടികള്‍ കൂടിയാലോചിക്കുമെന്നും അഭിഭാഷക പരിഷത്ത് അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൈക്കോടതി മുമ്പാകെയും ഒപ്പം നിയമമന്ത്രിക്കും പരാതി സമര്‍പ്പിക്കുമെന്നും അഭിഭാഷക പരിഷത്ത് വ്യക്തമാക്കി.