ദുബായ്: ലോകത്തിന്റെ വിവിധ കോണുകളില്‍ കുടി വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് നിരന്തരം ജീവകാരുണ്യ ഹസ്തവുമായെത്തുന്ന രാജ്യമാണ് യു.എ.ഇ. ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ടം അന്നദാനമെന്ന് മനസ് കൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിച്ച് മുന്നേറുന്ന യു.എ.ഇ മറ്റ് ലോകരാജ്യങ്ങള്‍ക്കും മാതൃകയാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം പാഴാക്കല്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ പുതിയൊരു നിയമം ആവിഷ്‌കരിക്കാന്‍ പോകുകയാണ്. അതായത് വീടുകളില്‍ ഭക്ഷണം പാഴാക്കിയാല്‍ കനത്ത പിഴ ഈടാക്കാനുള്ള നിയമമാണ് രാജ്യം പരിഗണിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിപ്പിക്കുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഫുഡ് ലോസ് ആന്‍ഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ (Ne’ma) സെക്രട്ടറി ജനറല്‍ ഖുലൂദ് ഹസന്‍ അല്‍ നുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പാഴാക്കിക്കളയുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് കൂടുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും ‘നിഅ്മ’ സെക്രട്ടറി ജനറല്‍ വെളിപ്പെടുത്തി. ഓരോ വര്‍ഷവും രാജ്യത്ത് 600 കോടിയോളം ദിര്‍ഹമിന്റെ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. ഈ സാഹചര്യം തുടരാന്‍ കഴിയില്ലെന്നും 2020-ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവര്‍ഷം ഒരാള്‍ 224 കിലോ ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യൂറോപ്പിനെയും വടക്കേ അമേരിക്കയുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ യുഎഇ-യില്‍ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് കൂടുതലാണെന്നും ഇതിന് ഒരറുതി വരുത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷണം പാഴാക്കുന്നവരെ കണ്ടെത്തി നിയമത്തിലൂടെ നേരിടാനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും അധികൃതര്‍ അറിയിച്ചു.
കുട്ടികളടക്കം ആയിരക്കണക്കിന് പേര്‍ ലോകത്ത് പട്ടിണി കിടന്ന് മരിക്കുന്നുണ്ടെന്നും വിശപ്പും പോഷകാഹാരക്കുറവും കാരണം ജീവിതം വഴിമുട്ടിയ അനേകം പേര്‍ ലോകത്തുണ്ടെന്നും ഈ സാഹചര്യത്തില്‍ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ടുപോകുന്നതെന്നും’നിഅ്മ’ (Ne’ma) ചൂണ്ടിക്കാട്ടി. വീടുകള്‍ മാത്രമല്ല ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അങ്ങനെ കൃഷിയിടങ്ങള്‍ മുതല്‍ വിപണിവരെയുള്ള ഭക്ഷ്യോല്‍പന്ന വിതരണ മേഖലകളില്‍ വന്‍ തോതില്‍ ഭക്ഷണം പാഴാക്കപ്പെടുന്നുണ്ടെന്നും ഇതില്‍ 60 ശതമാനത്തോളം ഉപയോഗ്യമായ ഭക്ഷണം മാലിന്യമായി വീടുകളില്‍ നിന്നും പുറത്തേക്ക് തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ ആദ്യഘട്ടത്തില്‍ ജനങ്ങളെ ബോധവത്കരിക്കുകയും തുടര്‍ന്നും നിയമലംഘനം നടക്കുമ്പോഴാണ് പിഴ അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭക്ഷണം പാഴാക്കലിനെ നിയമത്തിലൂടെ നേരിടുമ്പോള്‍ 2030 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 50 ശതമാനമായി കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.