ദുബായ്: ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയ ചുവടുവയ്പ്പുമായി യു.എ.ഇ. റഡാര്‍ സാറ്റലൈറ്റുകള്‍ വികസിപ്പിക്കാനും വിക്ഷേപിക്കാനുമായി 2022-ല്‍ പ്രഖ്യാപിച്ച ‘സിര്‍ബ്’ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍ നഹ്യാനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമും ചേര്‍ന്നാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ‘സിര്‍ബ്’ പദ്ധതി നടപ്പിലാക്കുന്നതിന്റെ ലക്ഷ്യങ്ങളെകുറിച്ചും സാറ്റലൈറ്റ് പ്രോഗ്രാം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും അബുദാബി കിരീടാവകാശിയും ദുബായ് കിരീടാവകാശിയും തമ്മില്‍ ചര്‍ച്ച നടത്തി.
2026-ഓടെ ആദ്യ ഉപഗ്രഹം വിക്ഷേപിക്കാനാണ് യു.എ.ഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇ ബഹിരാകാശ ഏജന്‍സി വ്യവസായിക കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കി. കാലാവസ്ഥ വ്യതിയാനം കൂടുതല്‍ മനസിലാക്കാനും ഭൂമിയുടെ ഉപരിതല മാറ്റങ്ങള്‍ വേഗത്തില്‍ മനസിലാക്കാനും ഒപ്പം ചിത്രങ്ങള്‍ പകര്‍ത്താനും കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാത്രിയും പകലും മാത്രമല്ല ഏത് കാലാവസ്ഥയിലും ഒരുപോലെ വ്യക്തമായി ചിത്രങ്ങല്‍ പകര്‍ത്താന്‍ സാധിക്കുമെന്നതാണ് സാറ്റലൈറ്റിന്റെ പ്രത്യേകത. നഗരവികസനത്തിനും പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും ഈ പുതിയ സാറ്റലൈറ്റിന്റെ സഹായം തേടാന്‍ സാധിക്കും. ഭക്ഷ്യസുരക്ഷ വെല്ലുവിളികളെ മറികടക്കാനും ഇത് സഹായിക്കും എന്നാത് വിലയിരുത്തപ്പെടുന്നത്.