തിരുവനന്തപുരം: യു.ഡി.എഫിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസ് വീണ്ടും അന്വേഷിക്കാന്‍ കേരള ഹൈക്കോടതി അനുമതി. ഹൈക്കോടതി ഉത്തരവിട്ടതോടെ ഇരുപത് വര്‍ഷം പഴക്കമുള്ള കേസ് ഫയലുകള്‍ സിബിഐ വീണ്ടും പൊടിതട്ടി എടുക്കും. ഉദ്യോഗസ്ഥരുടെ ക്ഷാമവും ജോലിത്തിരക്കും കാരണം കേസ് കൈയ്യൊഴിയാന്‍ സിബിഐ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ അന്താരാഷ്ട്ര ബന്ധം കൂടി കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി കര്‍ശന നിലപാടെടുക്കുകയായിരുന്നു. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവ് നടപ്പിലായില്ലെങ്കില്‍ ഹര്‍ജിക്കാരന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡില്‍ മാലിന്യ നിയന്ത്രണ പ്ലാന്റിന് വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപിച്ചാണ് കേസ്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുന്‍ ജീവനക്കാരനും യൂണിയന്‍ നേതാവുമായിരുന്ന എസ്. ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട കോടതി രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതില്‍ സംസ്ഥാന ഏജന്‍സിക്ക് പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടത്.
മറ്റ് പ്രമാദമായ സാമ്പത്തിക കേസന്വേഷണത്തിന്റെ തിരക്കിലാണെന്നും മാത്രമല്ല ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാടിന്റെ രേഖകള്‍ ശേഖരിക്കുന്നത് പ്രായോഗികമല്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം തള്ളിയാണ് കേസ് അന്വേഷണത്ത് കോടതി ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് 120 കോടി രൂപയുടെ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസ് ആരോപണം.