ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കഴിഞ്ഞ മാസം അതായത് 2023 ഒക്ടോബര്‍ 1-നു മുമ്പായ് ജീവനക്കാര്‍ ചേരണമെന്ന് യു.എ.ഇ മാനവ വിഭവശേഷി & എമിററൈസേഷന്‍ മന്ത്രാലയം അറിയിച്ചിരുന്നു. ഒക്ടോബറിന് ശേഷവും അതിന് മുമ്പുള്ള മാസങ്ങളിലുമായി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാര്‍ ഈ പദ്ധതിയില്‍ ചേരുകയും ചെയ്തു. അതേസമയം പദ്ധതിയുടെ ആരംഭഘട്ടത്തില്‍ തന്നെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ അംഗമായെങ്കിലും മൂന്ന് മാസത്തിലധികം പ്രീമിയം തുടര്‍ച്ചയായി അടയ്ക്കാത്തവരില്‍ നിന്ന് 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് മാനവ വിഭവശേഷി എമിററ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പദ്ധതിയില്‍ ചേരാനുള്ള അന്തിമ തീയതിയായിരുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് സ്‌കീമില്‍ ചേരാത്തവര്‍ക്ക് 400 ദിര്‍ഹമായിരിക്കും പിഴ അടയ്ക്കേണ്ടി വരികയെന്നും മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. പിഴ അടയ്ക്കാതെ തുടരുകയാണെങ്കില്‍ ജീവനക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കില്ലെന്നും പിഴകള്‍ ശമ്പളത്തില്‍ നിന്നോ സേവന കാലത്തിന്റെ അവസാന ഗ്രാറ്റുവിറ്റിയില്‍ നിന്നോ പിടിച്ചെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വദേശിയോ വിദേശിയോ ആയ ഒരു ജീവനക്കാരന് സ്വാഭാവികമായി ജോലി നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് അതുവരെ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം സാമ്പത്തിക സഹായമായി മൂന്ന് മാസം വരെ ലഭിക്കുന്നതാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി. എന്നാല്‍ ജീവനക്കാരന്‍ ജോലിയില്‍ നിന്ന് സ്വയം രാജിവെയ്ക്കുന്ന സാഹചര്യം, അച്ചടക്ക കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന സാഹചര്യം, ജീവനക്കാരനെതിരെ ഒളിച്ചോട്ട പരാതി എന്നിവ ഉണ്ടാകരുത് എന്നതാണ് പ്രധാന വ്യവസ്ഥ. കുറഞ്ഞത് 12 മാസമെങ്കിലും തുടര്‍ച്ചയായി സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് ഈ നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. 16,000 ദിര്‍ഹമോ അതില്‍ താഴെയോ ശമ്പളമുള്ളവര്‍ക്ക് പ്രതിമാസം 5 ദിര്‍ഹവും 16,000 ദിര്‍ഹത്തിന് മുകളിലാണ് ശമ്പളമെങ്കില്‍ 10 ദിര്‍ഹവുമായിരിക്കും പ്രതിമാസ പ്രീമിയം തുക. എത്രയാണോ അടിസ്ഥാന ശമ്പളം അതിന്റെ 60 ശതമാനം മാത്രമേ പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.