വധശിക്ഷ ഏതുനിമിഷവും; മലയാളി യുവതിയുടെ അപ്പീല്‍ തള്ളി യെമന്‍ സുപ്രീം കോടതി

Share

ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതായി കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയിലാണ് അറിയിച്ചത്. അതേസമയം മകളെ കാണാന്‍ യമനിലേക്ക് പോകാന്‍ നിമിഷയുടെ അമ്മ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഈ അപേക്ഷയില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം മകളുടെ വധശിക്ഷയിന്‍ മേലുള്ള അപ്പീല്‍ തള്ളിയത് അപ്രതീക്ഷിതമെന്നും മകളെ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും
നിമിഷയുടെ അമ്മ പ്രതികരിച്ചു. യമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ ഇപ്പോഴുള്ളത്.

യമന്‍ പ്രസിഡന്റിലാണ് ഇനി ആകെയുള്ള പ്രതീക്ഷ. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി കഴിഞ്ഞാല്‍ നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കാന്‍ യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഈ മാസം 13-നാണ് യെമന്‍ സുപ്രീം കോടതി നിമിഷയുടെ അപ്പീല്‍ തള്ളിയതെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരം കിട്ടിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മകളെ കാണാന്‍ യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യമന്‍ ജയിലില്‍ കഴിയുന്നത്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യെമനിലെ നിയമപ്രകാരം കൊലപാതകം സംഭവിച്ചാൽ  കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും. ഈ കേസിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പരസ്പരമുള്ള ചര്‍ച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി ഇന്ത്യൻ രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ തുക സമാഹരിക്കാൻ കഴിയാത്ത സാമ്പത്തിക സാഹചര്യത്തിലാണ് നിമിഷപ്രിയയുടെ കുടുംബം. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിക്കിട്ടാനുള്ള എല്ലാ സാഹചര്യങ്ങളും പരിശോധിച്ചു വരുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.