40 തൊഴിലാളികള്‍ 5 ദിവസമായി തുരങ്കത്തിനുള്ളില്‍; രക്ഷാദൗത്യം അന്തിമഘട്ടത്തില്‍

Share

ദില്ലി: സൂര്യനേയും ചന്ദ്രനേയും ചൊവ്വയേയും കൈയെത്തിപ്പിടിക്കാന്‍ നെട്ടോട്ടമോടുന്ന നമ്മുടെ ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ കണ്‍മുന്നിലെ തുരങ്കത്തില്‍ കേവലം നൂറ് മീറ്ററിനുള്ളില്‍ കുടുങ്ങിപ്പോയ 40-ഓളം പേരെ 5 ദിവസങ്ങള്‍ പിന്നിടുമ്പോഴും രക്ഷപ്പെടുത്താന്‍ കഴിയാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. ഉത്തരാഖണ്ഡിലാണ് രാജ്യത്തെയൊട്ടാകെ വേദനയിലാഴ്ത്തിയ സംഭവം. നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് 40 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങി ഇപ്പോള്‍ ജീവനോട് മല്ലിടുന്നത്. ഇടയ്ക്കിടയ്ക്ക് മണ്ണിടിഞ്ഞ് വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. അനുയോജ്യമായ സാങ്കേതിക ഉപകരണങ്ങളുടെ അപര്യാപ്തത കാരണം നിര്‍ത്തിവച്ച രക്ഷാദൗത്യം ദില്ലിയില്‍ നിന്നുമെത്തിച്ച പുതിയ യന്ത്രം ഉപയോഗിച്ച് വീണ്ടും ആരംഭിച്ചിട്ടുണ്ട്. വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിലായി എത്തിച്ച ഓഗര്‍ മെഷീന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ദൗത്യത്തിന് വേഗം കൂടുമെന്നാണ് പ്രതീക്ഷ.

ഒരു മണിക്കൂറില്‍ 5 മീറ്റര്‍ വരെ തുരന്നുപോകാന്‍ ശേഷിയുള്ളതാണ് പുതുതായി എത്തിച്ച അമേരിക്കന്‍ നിര്‍മ്മിത യന്ത്രം. ഇത്തരത്തില്‍ അമ്പത് മീറ്ററിലധികം ഉള്ളിലേക്ക് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തുരന്ന് പോയാല്‍ മാത്രമേ ലക്ഷ്യസ്ഥാനത്തിന്റെ ഏകദേശം അരികിലേക്കെത്താന്‍ കഴിയുകയുള്ളൂ. തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് സ്റ്റീല്‍ പൈപ്പുകള്‍ കയറ്റി വിടുകയും ആ കുഴല്‍ മാര്‍ഗ്ഗം ഇഴഞ്ഞ് ഓരോരുത്തര്‍ക്കും പുറത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തായ്‌ലാന്റിലെ ഗുഹാമുഖത്ത് രക്ഷാദൗത്യം നടത്തിയവരുമായും നോര്‍വെയിലെ വിദഗ്ദ്ധ സംഘവുമായും ദൗത്യ സംഘം ആശയവിനിമയം നടത്തി. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകുക. ഇതിനിടെ ഉത്തരകാശി മേഖലയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടത് ആശങ്ക പരത്തി.

തുരങ്കത്തില്‍ അകപ്പെട്ടുപോയ തൊഴിലാളികളില്‍ പലര്‍ക്കും നിലവില്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. തലകറക്കം, ഛര്‍ദ്ദി അടക്കമുള്ള രോഗലക്ഷണങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് കുഴല്‍ മാർഗം മരുന്ന് എത്തിച്ച് നല്‍കിയതായി ദൗത്യസംഘം അറിയിച്ചു. ഇതിനിടെ വാവിട്ടുള്ള കരച്ചിലും രക്ഷിക്കണേ എന്ന നിലവിളിയും തുരങ്കമുഖത്ത് പ്രതിധ്വനി പോലെ എത്തുന്നുണ്ട്. താല്‍ക്കാലികമായി സ്ഥാപിച്ച സ്റ്റീല്‍ പൈപ്പുകളിലൂടെ ഓക്‌സിജനും ഭക്ഷണവും വെള്ളവും യഥാസമയം നല്‍കുന്നുണ്ടെങ്കിലും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളോ വെളിച്ചമോ ഇല്ലാത്ത അവസ്ഥ തൊഴിലാളികളുടെ മാനസിക നിലയെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നാലു രാത്രിയും പകലും ഉള്‍പ്പെടെ അഞ്ചാം ദിവസവും പിന്നിടുന്ന രക്ഷാ ദൗത്യം അതിസങ്കീര്‍ണമായി തുടരുന്നു എന്നാണ് മനസിലാക്കേണ്ടത്. തൊഴിലാളികളുമായി ഡോക്ടര്‍മാര്‍ ആശയവിനിമയം നടത്തുന്നുണ്ട്. ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പുവരുത്താന്‍ ദൗത്യസംഘവും കുടുംബാംഗങ്ങളും തൊഴിലാളികളോട് നിരന്തരം സംസാരിക്കുന്നുണ്ട്.