കണ്ണൂര്‍: കണ്ണൂര്‍ വനമേഖലയില്‍ കേരള പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയതായി സംശയം. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയിലാണ് പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘവും പ്രത്യാക്രമണം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. മേഖലയില്‍ പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടതായി നാട്ടുകാരും പറയുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. സ്ഥലത്ത് രക്തതുള്ളികള്‍ കണ്ടെത്തിയതിനാല്‍ മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റുവെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം തണ്ടര്‍ബോള്‍ട്ട്് സംഘം സുരക്ഷിതരാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊലീസ് വ്യാപകമായി പരിശോധന നടത്തുകയാണ്.