ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന ടണലിന്റെ ഒരുഭാഗം തകര്‍ന്നുവീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. തുരങ്കമുഖത്തുനിന്നും 200 മീറ്റര്‍ ഉളളിലാണ് 40-ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് നാല്‍പ്പത് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി വാക്കിടോക്കി വഴി ബന്ധപ്പെട്ടെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പൈപ്പുവഴി വെള്ളവും ഭക്ഷണവും എത്തിക്കുന്നതും തുടരുകയാണ്. എല്ലാവരെയും പുറത്തെത്തിക്കുംവരെ ഈ രീതി തുടരാനാണ് തീരുമാനം.
13 മീറ്റര്‍ വീതിയുള്ള തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തൊഴിലാളികള്‍ക്ക് പുറത്തേക്ക് വരാനുള്ള പാത ഒരുക്കാനാണ് ഇപ്പോഴത്തെ ശ്രമം. തുരങ്കത്തിന്റെ തകര്‍ന്ന ഭാഗം പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ്. യന്ത്രസഹായത്തോടെ ഇരുപതുമീറ്ററോളം സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്‌നിശമന സേനയും നാഷണല്‍ ഹൈവേ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ട്. ഉത്തരകാശിയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം ഉണ്ടായത്. യമുനോത്രി ധാമില്‍ നിന്ന് ഉത്തരകാശിയിലേക്ക് നിര്‍മ്മിക്കുന്ന ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ടണലാണ് ഇടിഞ്ഞത്.ഉ ത്തരകാശിയിലെ ദണ്ഡല്‍ഗാവിനേയും സില്‍ക്യാരയേയും ബന്ധിപ്പിക്കുന്നതാണ് ടണല്‍.