കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍ അഴിമതി ആരോപണ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായി ലോകായുക്ത വിധി. ആരോപണം ഉന്നയിക്കുന്ന വിഷയത്തില്‍ പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വിധിച്ചു. അഴിമതിക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത, കേസില്‍ ഉപലോകായുക്തമാര്‍ വിധിപറയരുതെന്ന ഹര്‍ജിക്കാരന്റെ അപേക്ഷയും തള്ളി. ലോകായുക്ത ഫുള്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
അതേസമയം കേസിൽ മറിച്ചൊരു വിധി പ്രതീക്ഷിച്ചില്ലെന്നും വിധിയില്‍ അത്ഭുതമില്ലെന്നും ഹര്‍ജിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ പ്രതികരിച്ചു. ലോകായുക്ത സ്വാധീനിക്കപ്പെട്ടെന്നും ലോകായുക്ത മുട്ടിലിഴയുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ശശികുമാര്‍ വ്യക്തമാക്കി. കേസില്‍ മാര്‍ച്ച് 31-ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പറഞ്ഞതോടെയാണ് ഫുള്‍ ബെഞ്ചിലേക്ക് വിട്ടത്. മുഖ്യമന്ത്രിക്കും ആദ്യ പിണറായി മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കുമെതിരെ 2018-ലാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 2019-ല്‍ ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വിശദമായ വാദം കേട്ടതിന് ശേഷം പരാതിയുടെ സാധുത പരിശോധിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ചികില്‍സയിലിരിക്കെ മരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ, ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപ എന്നിവ പൊതുഖജനാവിൽ നിന്നും അനുവദിച്ചത് ചോദ്യം ചെയ്താണ് വിവരാവകാശ പ്രവര്‍ത്തകന്‍ ശശികുമാര്‍ ലോകായുകതയെ സമീപിച്ചത്. വഴിവിട്ട് തുക അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയും ആണെന്നായിരുന്നു ശശികുമാറിന്റെ വാദം.