കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യ; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Share

ആലപ്പുഴ: തകഴി കുന്നുമ്മൽ അംബേദ്കര്‍ കോളനിയിൽ കര്‍ഷകനും കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റുമായിരുന്ന പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണ പരിധിയിലുള്ള അമ്പലപ്പുഴ പൊലീസ് തിരുവല്ലയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചു. ഇതിനിടെ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് ആരോപിക്കുന്ന കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളുമാണെന്നാണ്  പ്രസാദ് ആത്മഹത്യയ്ക്ക് മുമ്പായി എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആത്മഹത്യാക്കുറിപ്പ് പ്രസാദ് എഴുതിയത് തന്നെയാണോ എന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ ആത്മഹത്യയ്ക്ക് മുമ്പ് കിസാന്‍ സംഘ് ജില്ലാ സെക്രട്ടറിയുമായി പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നു.

കടബാദ്ധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും സര്‍ക്കാരും ബാങ്കുകളും തന്നെ ചതിച്ചതായും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നും താന്‍ കൃഷി ചെയ്ത നെല്ലിന്റെ പണമാണ് സര്‍ക്കാര്‍ പിആര്‍എസ് (Paddy Receipt Sheet) വായ്പയായി നല്‍കിയതെന്നും പ്രസാദ് പറയുന്നു. എന്നാൽ ഈ കുടിശിഖ ഉൾപ്പെടെ അടയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പക്ഷേ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും പ്രസാദ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.  ഒന്നാം വിള കൃഷിക്ക് പിആര്‍എസ് വായ്പയായിട്ടാണ് പണം  തന്നതെന്നും പിന്നീട് വളത്തിനും കീടനാശിനിക്കുമായി ബാങ്കിനെ സമീപിച്ചപ്പോള്‍ പിആര്‍എസ് കുടിശ്ശികയാണെന്നും സിബില്‍ സ്‌കോര്‍ കുറവാണെന്നും വായ്പ നല്‍കാന്‍ കഴിയില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞതായി പുറത്തുവന്ന ഓഡിയോയില്‍ പറയുന്നുണ്ട്.

കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നെങ്കിലും പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചിരുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരം. പി.ആര്‍.എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടയ്ക്കുമെന്നുമായിരുന്നു നേരത്തേ കൃഷിമന്ത്രി പറഞ്ഞിരുന്നത്.  മാത്രമല്ല വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രസാദിന് ചികിത്സ നിഷേധിച്ചതായും ഗുരുതരാവസ്ഥയില്‍ പോലും ഐ.സി.യു അടക്കമുള്ള സൗകര്യങ്ങള്‍ ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ചികിൽസ നൽകാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് പ്രസാദിന്റെ സുഹൃത്തുക്കള്‍ പറയുന്നു. തുടർന്ന് തിരുവല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച പ്രസാദ് ഇന്ന് രാവിലെയോടെയാണ്  മരിച്ചത്.

അതേസമയം കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ ആത്മഹത്യക്ക് കാരണം പി.ആര്‍.എസ് കുടിശികയുമായി ബന്ധപ്പെട്ടല്ലെന്ന് കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പാ കുടിശികയില്ലെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല നെൽകർഷകർക്ക് നൽകുന്ന പിആര്‍എസ് വായ്പാ കുടിശിക കാരണം സിബില്‍ സ്‌കോര്‍ കുറഞ്ഞ് മറ്റ് വായ്പ ലഭിക്കാത്ത സാഹചര്യം നിലവിലില്ലെന്നും  മന്ത്രി അനിൽ വ്യക്തമാക്കി. പ്രസാദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ  പുറത്തുവരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.