ദുബായ്: എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ തലത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഹൈലൈറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ദുബായ് റൈഡ് നാളെ (12.11.23, ഞായറാഴ്ച) നടക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2017-ല്‍ ആരംഭിച്ച വാര്‍ഷിക ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റൈഡ് ആരംഭിച്ചത്. ഡിപി വേള്‍ഡ് അവതരിപ്പിക്കുന്ന ദുബായ് റൈഡിന്റെ നാലാം പതിപ്പാണിത്. ഏറ്റവും വലിയ കമ്മ്യൂണിറ്റി സൈക്ലിങ് ഇവന്റിനാണ് നാളെ ദുബായ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
എമിറേറ്റിലെ രണ്ട് പാതകളാണ് ദുബായ് റൈഡിനായി മാറ്റിവച്ചിരിക്കുന്നത്. ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ മുതല്‍ സഫ പാര്‍ക്ക് വരെ നീളുന്ന 12 കിലോമീറ്ററും മറ്റൊന്ന് നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡൗണ്‍ടൗണ്‍ ഫാമിലി റൂട്ടും. ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് കനാല്‍ പാലത്തിന് മുകളിലൂടെയുള്ള മനോഹരമായ കയറ്റം ഉള്‍പ്പെടെ മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അല്‍ സത്വ, കൊക്കകോള അരീന, ബിസിനസ് ബേ, ലോവര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ അഞ്ച് വ്യത്യസ്ത സ്റ്റാര്‍ട്ടിങ് ഗേറ്റുകള്‍ പിന്നിടുന്നതാണ് ഈ യാത്ര. രണ്ടാമത്തെ റൂട്ടില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡിലൂടെ ദുബായ് മാള്‍, ദുബായ് ഓപറ, ബുര്‍ജ് ഖലീഫ എന്നിങ്ങനെയുള്ള ലാന്‍ഡ്മാര്‍ക്കുകളിലൂടെ സൈക്കിള്‍ സവാരിക്കാര്‍ കടന്നുപോകും.
ദേശ-ഭാഷാ പ്രായ വ്യത്യാസമില്ലാതെ സൈക്ലിംഗില്‍ വൈദഗ്ദ്ധ്യമുള്ള ആര്‍ക്കും ദുബായ് റൈഡിന്റെ ഭാഗമാകാം. റൈഡിനോടനുബന്ധിച്ച് നാളെ രാവിലെ 6:15 മുതല്‍ 8:15 വരെ യാത്ര കടന്നുപോകുന്ന പാതകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. മറ്റു വാഹനങ്ങള്‍ക്ക് ഈ പാതകളില്‍ പ്രവേശനമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ യാത്ര രാവിലെ 6.30-ന് ആരംഭിച്ച് 7.30-ന് അവസാനിക്കും. റൈഡില്‍ പങ്കെടുക്കുന്നതിന് www.dubairide.com എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. സ്വദേശികള്‍, പ്രവാസികള്‍, സന്ദര്‍ശന-ടൂറിസ്റ്റ് വിസകളിലുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കും ഇതിന്റെ ഭാഗമാകാം. രജിസ്റ്റര്‍ ചെയ്തവര്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ വണ്‍ സെന്‍ട്രലില്‍ സ്ഥിതി ചെയ്യുന്ന റണ്‍ ആന്‍ഡ് റൈഡ് സെന്‍ട്രലില്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദുബായ് റൈഡില്‍ പങ്കെടുക്കുന്നവര്‍ക്ക് കരീം ബൈക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീം ബൈക്കും ഇതിനായി ധാരണയുണ്ടാക്കിയതായി അധികൃതർ വ്യക്തമാക്കി. എന്നാൽ സൗജന്യ സൈക്കിൾ ലഭിക്കണമെങ്കിൽ കരീം ആപ് (careem aap) ഡൗണ്‍ലോഡ് ചെയ്ത് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. മാത്രമല്ല റൈഡിൽ പങ്കെടുക്കുന്നവർ നിർബന്ധമായും സൈക്കിൾ ഹെൽമെറ്റ് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.