മനാമ: വിമാനയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന വിഷയമാണ് ലഗേജ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ള പ്രവാസികളാണ് ലഗേജ് വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം വില കൊടുത്തുവാങ്ങിയ സാധനങ്ങള്‍ പലപ്പോഴും പെട്ടിപൊട്ടിച്ച് വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്നതും സാധാരണയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാര്‍ക്ക് അവരുടെ വീട്ടില്‍ വച്ചുതന്നെ ചെക് ഇന്‍ പൂര്‍ത്തിയാക്കാനും ലഗേജുകള്‍ പരിശോധിച്ച് ടാഗ് ചെയ്യാനുമുള്ള സൗകര്യമാണ് ബഹ്റൈന്‍ വിമാനത്താവളം ഒരുക്കിയിരിക്കുന്നത്.’ഹല ബഹ്റൈന്‍’ എന്ന പേരിലാണ് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പുതിയ സേവന പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
‘ഹല ബഹ്റൈനില്‍’ നിന്നുള്ള ഒരു ഏജന്റ് യാത്രക്കാരന്റെ താമസസ്ഥലത്ത് എത്തി പരിശോധന പൂര്‍ത്തിയാക്കി ബോര്‍ഡിംഗ് പാസ് നല്‍കുന്നതാണ് രീതി. ലഗേജ് സജ്ജീകരിക്കുമ്പോള്‍ കൂടുതലുള്ള സാധനങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഒഴിവാക്കേണ്ടിവരുന്ന സാഹചര്യം ഇങ്ങനെ ചെയ്യുന്നതിലൂടെ ഒഴിവായിക്കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല കൃത്യമായ അനുവദനീയ അളവില്‍ തന്നെ ലഗേജുകള്‍ സജ്ജീകരിക്കാനും കഴിയും. ലഗേജ് ബാഗുകളുടെ ഭാരം തൂക്കി ടാഗ് ചെയ്യുക, യാത്രക്കാരനെ ചെക്ക്-ഇന്‍ ചെയ്യുക, ബോര്‍ഡിങ് പാസുകള്‍ നല്‍കുക തുടങ്ങിയ വിമാനത്താവനളത്തിലെ പ്രാഥമിക സേവനങ്ങള്‍ ‘ഹല ബഹ്റൈനിലൂടെ താമസസ്ഥലത്ത് തന്നെ ലഭിക്കും.
ബാഗേജുകള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് ഫ്ലൈറ്റില്‍ കയറ്റിയെന്ന് ഉറപ്പാക്കുന്ന ഉത്തരവാദിത്തവും ‘ഹല’ ബഹ്റൈനായിരിക്കും. ഇങ്ങനെ ചെക്ക-്ഇന്‍ നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയായാല്‍ നേരിട്ട് ഇമിഗ്രേഷനിലേക്ക് പോകാം. യാത്രയ്ക്ക് മുമ്പുള്ള സമയ ലാഭവും ഇതിലൂടെ സാധിക്കുന്നു. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്നതിന്റെ 12 മണിക്കൂര്‍ മുമ്പ് വരെ ഈ സേവനത്തിനായി ബുക്ക് ചെയ്യാം. യാത്രയുടെ 30 ദിവസം മുമ്പ് മുതല്‍ ബുക്കിംഗ് സ്വീകരിക്കും. homecheckin@halabahrain.bh എന്ന വിലാസത്തില്‍ ഇ-മെയില്‍ അയച്ചാണ് സേവനം ബുക്ക് ചെയ്യേണ്ടത്. www.bahrainairport.bh/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.