പ്രവാസിയുടെ പ്രതിഷേധം ഫലം കണ്ടു; 50 കോടി വരെയുള്ള സംരംഭങ്ങള്‍ക്ക് താത്കാലിക കെട്ടിട നമ്പര്‍ നല്‍കും

Share

തിരുവനന്തപുരം: കേരളത്തില്‍ 50 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് വഴി താത്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനുള്ള ചട്ട ഭേദഗതിക്ക് രൂപം നല്‍കി സര്‍ക്കാര്‍. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. കെട്ടിട നമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവാസി വ്യവസായി നടത്തിയ പ്രതിഷേധം വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്തിലാണ് വിവാദമായ പ്രതിഷേധത്തിന് കാരണമായത്. ഇടതുപക്ഷ ഭരണത്തിലുള്ള മാഞ്ഞൂര്‍ പഞ്ചായത്തില്‍ 25 കോടി മുടക്കിയ സംരംഭത്തിന് സമയബന്ധിതമായി കെട്ടിട നമ്പര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പ്രവാസിയായ ഷാജിമോന്‍ ജോര്‍ജ് ശക്തമായി പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിലും പിന്നെ നടുറോഡിലും കിടന്നുള്ള പ്രവാസിയുടെ പ്രതിഷേധം കേരളത്തിലും പ്രവാസ ലോകത്തും വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിര പ്രാധാന്യത്തോടെ സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തത്.

കെ-സ്വിഫ്റ്റില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന സാക്ഷ്യപത്രത്തിലെ നമ്പര്‍ താത്കാലിക കെട്ടിട നമ്പറായി പരിഗണിക്കാനും മൂന്നു വര്‍ഷത്തിനുള്ളില്‍ സ്ഥിര നമ്പര്‍ നേടിയാല്‍ മതിയെന്നുമാണ് നിലവിലെ ഭേദഗതി. 2020-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരവും മറ്റ് വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കല്‍ ചട്ടങ്ങളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഇതേസമയം തന്നെ കെ-സ്വിഫ്റ്റ് അംഗീകാരമുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറുമാസത്തിനകം അനുമതികള്‍ നേടിയാല്‍ മതിയാകും. എന്നാല്‍ വായ്പയ്ക്കും മറ്റും കെട്ടിടനമ്പര്‍ ആവശ്യമായതിനാല്‍ കെ സ്വഫ്റ്റ് മുഖേന താത്കാലിക കെട്ടിട നമ്പര്‍ അനുവദിക്കാനാണ് നിലവില്‍ ഭേദഗതി ചെയ്തിരിക്കുന്നത്.

കാലഹരണപ്പെട്ട വ്യവസായ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിയോഗിച്ച ഡോ.കെ.സി സണ്ണി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ വകുപ്പും വ്യവസായ വകുപ്പും നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് പുതിയ വിജ്ഞാപനം. അമ്പത് ലക്ഷത്തിന് മുകളിലുള്ള സംരംഭങ്ങള്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. എം.എസ്. എം.ഇ വ്യവസായങ്ങള്‍ ആരംഭിക്കാനും നടത്താനുമുള്ള സേവനങ്ങളെ പറ്റിയുള്ള പരാതികളില്‍ 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.