സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി; വ്യാപക പരിശോധന; വ്യാജമെന്ന് പോലീസ്

Share

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ബോംബ് ഭീഷണി. സംസ്ഥാന പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പൊലീസ് സെക്രട്ടറിയേറ്റില്‍ വ്യാപക പരിശോധന നടത്തി. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭീഷണിയെ തുടർന്ന് സെക്രട്ടറിയേറ്റില്‍ സുരക്ഷ കൂടുതൽ ശക്തമാക്കി.

അതേസമയം ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം  ബോംബ്  സന്ദേശം വ്യാജമെന്ന് പോലീസ് അറിയിച്ചു. ഭീഷണി മുഴക്കിയത്  തിരുവനന്തപുരം  കുളത്തൂര്‍ സ്വദേശി നിതിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു.  ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നിതിന് മാനസിക പ്രശ്നമുള്ളതായാണ് പ്രാഥമിക നിഗമനം.  പൊഴിയൂര്‍ കുളത്തൂര്‍ ഭാഗത്തുനിന്നുമാണ് ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസിന് തുടക്കത്തിൽ തന്നെ സൂചന ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് സെക്രട്ടറിയേറ്റില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു നിതിൻ ഭീഷണി മുഴക്കിയത്. കഴിഞ്ഞ ആഴ്ചയില്‍ 112 എന്ന നമ്പരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു വിദ്യാര്‍ത്ഥിയാണ് ഫോണ്‍ വിളിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.