കുഞ്ഞുങ്ങളുമായുള്ള വാഹനയാത്രയില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം; മുന്നറിയിപ്പുമായി ദുബായ് പോലീസ്

Share

അബുദബി: കുഞ്ഞുങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ അവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ഘടിപ്പിച്ച ‘ചൈല്‍ഡ് സീറ്റുകള്‍’ നിര്‍ബന്ധമാണെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം സംബന്ധിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ദുബായ് ട്രാഫിക് പോലീസ് കാറുകള്‍ക്കായുള്ള ചൈല്‍ഡ് സീറ്റുകള്‍ വിതരണം ചെയ്തു. ‘കുട്ടികളുടെ ഇരിപ്പിടം, സുരക്ഷയും സമാധാനവും’ എന്ന പേരില്‍ ദുബായ് ട്രാഫിക് പോലീസ് ആരംഭിച്ച വ്യത്യസ്തമായ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ചൈല്‍ഡ് സീറ്റുകള്‍ വിതരണം ചെയ്തത്. യാത്രാമദ്ധ്യേ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ചൈല്‍ഡ് സീറ്റില്‍ ഇരിക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കുകയോ ചെയ്യാത്ത കുട്ടികള്‍ക്ക് സാരമായ പരിക്കോ മരണമോ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് രക്ഷിതാക്കളെ ഓര്‍മപ്പെടുത്തി. ഇത് ഒഴിവാക്കുന്നതിന് ചൈല്‍ഡ് സീറ്റുകളുടെ പ്രാധാന്യം എത്രത്തോളമാണെന്ന് പോലീസ് അധികൃതര്‍ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുകയോ മുന്‍സീറ്റ് യാത്രക്കാരുടെ മടിയില്‍ ഇരുത്തുകയോ നിര്‍ത്തുകയോ ചെയ്യുന്നത് അപകടകം ക്ഷണിച്ചുവരുത്തുമെന്നും മാത്രമല്ല അത്തരം പ്രവണത നിയമവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്ന് ദുബായ് ട്രാഫിക് പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി വ്യക്തമാക്കി. 10 വയസ്സിന് താഴെ അല്ലെങ്കില്‍ 145 സെന്റി മീറ്ററിന് മുകളിൽ ഉയരമുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്രചെയ്യരുതെന്നും ഈ നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പോലീസ് അറിയിച്ചു.