നാളെ മുതല്‍ ഹെവി വാഹനങ്ങിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; പ്രതിഷേധമായി സ്വകാര്യ ബസ് സമരം

Share

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന ഹെവി വാഹനങ്ങിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ നിയമം നാളെ (നവംബര്‍ 1) മുതല്‍ പ്രബല്യത്തില്‍ വരും. കെ.എസ.്ആര്‍.ടി.സി-സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവര്‍ക്ക് സമാന്തരമായുള്ള മുന്‍ നിരയിലെ സീറ്റില്‍ യാത്ര ചെയ്യുന്നയാളും നാളെ മുതല്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. മാത്രമല്ല ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ മുതല്‍ കര്‍ശനമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹെവി വാഹനങ്ങള്‍ക്കുള്ള ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നവംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെന്നും നിയമം നടപ്പാക്കുന്നതിന് ആവശ്യത്തിന് സമയം നല്‍കിയെന്നും ഗതാഗത മന്ത്രി പറഞ്ഞു.

അതേസമയം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണം, ബസുകളില്‍ സീറ്റ് ബെല്‍റ്റും കാമറയും അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനുള്ള സ്വകാര്യ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി പ്രതിഷേധ സൂചകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 2023 നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം. സ്വകാര്യ ബസുകളുടെ ഇന്നത്തെ സൂചന സമരത്തില്‍ ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറായി. ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ സ്വകാര്യബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളിലുള്ളവരാണ് ഇന്നത്തെ സമരത്തില്‍ വലഞ്ഞത്. കൂടുതല്‍ സ്വകാര്യ ബസ് സര്‍വീസുകളുള്ള മലയോര മേഖലകളേയും സമരം സാരമായി ബാധിച്ചു. സ്വകാര്യ ബസ് മരം മൂലം ജനങ്ങള്‍ കൂടുതല്‍ വലയുന്ന വടക്കന്‍ കേരളത്തില്‍  കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും യാത്രാക്ലേശത്തിന് അറുതിയില്ല. ഇന്ന് അര്‍ധരാത്രി വരെയുള്ള സമരത്തില്‍ അയ്യായിരത്തിലേറെ സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. സീറ്റ് ബെല്‍റ്റും ക്യാമറയും ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം അധിക ചെലവാണെന്ന് ബസുടമകള്‍ പറയുമ്പോള്‍ ശബരിമല സീസന്‍ അടുത്തിരിക്കുന്ന ഈ ഘട്ടത്തിലെ സമരം അനാവശ്യമെന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം.