ദുബായ്: വിവിധ നിയമലംഘനങ്ങലുടെ പേരില്‍ സൗദിയിലും കുവൈത്തിലുമായി ആയിരക്കണക്കിന് പ്രവാസികള്‍ പിടിയിലായി. ഇക്കാരണത്താല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുവൈറ്റില്‍ മാത്രം 12,000 പ്രവാസികളെ നാടുകടത്തിയതായി ജനറല്‍ ഡിപ്പാട്ട്മെന്റ് ഓഫ് കറക്ഷനല്‍ ഫെസിലിറ്റീസിന് കീഴിലുള്ള ഡീപ്പോര്‍ട്ടേഷന്‍ ഡിപ്പാട്ട്മെന്റ് അറിയിച്ചു. 2023 ആഗസ്റ്റ് മുതലുള്ള മൂന്ന് മാസത്തെ കണക്കാണ് കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടത്. പ്രവാസികളുടെ നിയമ ലംഘനങ്ങള്‍ തടയാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ഡീപ്പോര്‍ട്ടേഷന്‍ ഡിപ്പാട്ട്മെന്റ് അറിയിച്ചു. വ്യത്യസ്തമായ നിയമലംഘനങ്ങളുടെ പേരില്‍ ഈ ഒക്ടോബറില്‍ മാത്രം 4300 പ്രവാസികളെ കുവൈത്ത് നാടുകടത്തിയതായി രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ സെപ്തംബറിലും ആഗസ്റ്റിലുമായി 7685 പ്രവാസികളെയും അനധികൃത താമസത്തിന്റെ പേരില്‍ കുവൈറ്റ് നാടുകടത്തി. പൊതുധാര്‍മിക ലംഘനങ്ങള്‍, തൊഴില്‍, താമസ നിയമലംഘനങ്ങള്‍ എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയ പ്രധാന കുറ്റങ്ങള്‍. ഇങ്ങനെ പിടിക്കപ്പെട്ട വിദേശികള്‍ക്ക് പിന്നീട് ഒരിക്കലും കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത രീതിയിലാണ് നാടുകടത്തുന്നത്.
അതേസമയം സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തിയ കേസില്‍ നിരവധി പ്രവാസികൾ അറസ്റ്റിലായി. ഒരാഴ്ചക്കിടെ 17,300 ഓളം പേരെ അറസ്റ്റ് ചെയ്തതായും നിയമലംഘനങ്ങള്‍ നടത്തിയ വിദേശികളെ നാട് കടത്താനാണ് തീരുമാനമെന്നും സൗദി അറിയിച്ചു. സുരക്ഷ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിക്കപ്പെട്ടതില്‍ 11,000-ത്തോളം പേര്‍ താമസനിയമ ലംഘനം നടത്തിയവരാണ്. അതിര്‍ത്തി സുരക്ഷ ചട്ടങ്ങള്‍ ലംഘിച്ച 4,100 പേരും പിടിയിലായവരില്‍ പെടുന്നു. കൂടാതെ തൊഴില്‍ നിയമ ലംഘനം നടത്തിയ 2,351 പേരും രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 703 പേരും അറസ്റ്റിലായി. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജ്യത്തേക്ക് മടങ്ങാന്‍ കഴിയാത്തവിധം നാട് കടത്തുമെന്നും സൗദി വ്യക്തമാക്കി.