തിരുവനന്തപുരം: കേരള ബ്രാഹ്മണ സഭയുടെ തിരുവനന്തപുരം ജില്ല മുഖ്യരക്ഷാധികാരിയും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവും പ്ലാന്റേഷന്‍ രംഗത്തെ പ്രമുഖ വ്യവസായിയുമായ പട്ടം പൊട്ടക്കുഴി വീരഭദ്ര ഗാര്‍ഡന്‍സിലെ ശിവപാര്‍വതി വീട്ടില്‍ എസ്. രാമകൃഷ്ണ ശര്‍മ്മ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഇന്ന് (2023 ഒക്ടോബര്‍ 26) രാവിലെ 10:30-ഓടെ പട്ടം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം കരമന രുദ്രഭൂമി സ്മശാനത്തില്‍ നടക്കും. ഭാര്യ: ഭാമ രാമകൃഷ്ണന്‍, മക്കള്‍: ആര്‍. ശിവരാമകൃഷ്ണ ശര്‍മ്മ, വീണ രാജേഷ്.
കേളത്തിന്റെ തോട്ടം വ്യവസായ മേഖലയുടെ പുന:രുജ്ജീവനത്തിനായി മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ സമ്മാനിച്ചിട്ടുള്ള എസ്. രാമകൃഷ്ണ ശര്‍മ്മ മേഖലയിലെ നിരവധി സ്ഥാപനങ്ങുടെ സമിതികളില്‍ അംഗമായും നേതൃസ്ഥാനത്തും സ്തുത്യർഹ്യമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കേരള ടീ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് എന്നിവയില്‍ ദീര്‍ഘകാല സമിതി അംഗമായി പ്രവര്‍ത്തിച്ചു. അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍ ഓഫ് കേരള ചെയര്‍മാന്‍, യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ ട്രസ്റ്റി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി, ബ്രൈമൂര്‍ എസ്റ്റേറ്റ്‌സ്, പെനിന്‍സുലാര്‍ പ്ലാന്റേഷന്‍സ്, വര്‍ദ്ധനി പ്ലാന്റേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, പീരുമേട് ടീ കമ്പനി, വുഡ്ലാന്‍ഡ് എസ്റ്റേറ്റ്‌സ്, കാന്തിമതി പ്ലാന്റേഷന്‍സ് എന്നിങ്ങനെ നിരവധി കമ്പനികളുടെയും അമരക്കാരനായിരുന്നു.
‘സ്വാമി’ എന്ന ചുരുക്ക വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന എസ്. രാമകൃഷ്ണ ശര്‍മ്മ ജീവകാരുണ്യ മേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ശൃംഗേരി മഠം, കാഞ്ചി കാമകോടി മഠം എന്നിവയുടെ തിരുവനന്തപുരം ചാപ്റ്ററിലും, രാമ ചാരിറ്റബിള്‍ ട്രസ്റ്റ്, സീതാരാമ ആഞ്ജനേയ വേദ കേന്ദ്രം തുടങ്ങിയ വിവിധ മത-ജീവകാരുണ്യ സംഘടനകളിലും അദ്ദേഹം സജീവമായിരുന്നു. നിരവധി ക്ഷേത്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും അന്നദാനത്തിനുമായി നിസ്തുലമായ സംഭാവനകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. എസ്. രാമകൃഷ്ണ ശര്‍മ്മയുടെ നിര്യാണത്തിൽ സാമൂഹ്യ-രാഷ്ടീയ-സാംസ്കാരിക-ബിസിനസ് രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.
മേൽവിലാസം
‘ശിവപാർവതി’, VBGRA-8, വീരഭദ്ര ഗാർഡൻസ്, പൊട്ടക്കുഴി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695004