ഗാസ: ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ പ്രത്യാഘാതങ്ങള്‍ ഗാസയിലെ ജനജീവിതത്തെ അതിരൂക്ഷമായി ബാധിച്ചതായി യു.എന്‍ വിലയിരുത്തല്‍. ഇസ്രയേല്‍ തുടരുന്ന ഉപരോധത്തെ തുടര്‍ന്ന് ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഉടന്‍ നിലച്ചേക്കുമെന്ന് യുദ്ധമുഖത്ത് സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ചില അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈദ്യുതി വിതരണം മുടക്കിയതോടെയാണ് ആശുപത്രി പ്രവര്‍ത്തനം താറുമാറായത്. ഗാസയിലെ 2 ദശലക്ഷത്തിലധികം ജനങ്ങളാണ് കൃത്യമായി വെളളവും ഭക്ഷണവും മരുന്നും കിട്ടാതെ വലയുന്നത്.
യുദ്ധം പൊട്ടിപ്പുറപ്പെട്ട് 3 ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ ഗാസയിലെ മരണസംഖ്യ മാത്രം 6500 കടന്നു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഗാസയില്‍ 700-ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. മാത്രമല്ല ഗാസയില്‍ കരയുദ്ധത്തിന് ഇസ്രയേല്‍ സൈന്യം സജ്ജമെന്ന് ഔദ്യോഗിക ടെലിവിഷനിലൂടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രഖ്യാപനം യുദ്ധമുറ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതുസംബന്ധിച്ച വാര്‍ കാബിനറ്റ് തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും യുദ്ധകാല മന്ത്രിസഭ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും നെതന്യാഹു അറിയിച്ചു.
ഇന്ധന-ഭക്ഷണ ക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലു.എ-യുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട യു.എന്‍ സെക്രട്ടറി ജനറല്‍ അന്റണിയോ ഗുട്ടെറസിന്റെ പ്രസ്താവന ഇസ്രയേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ യുഎന്‍ പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ഹമാസിനോട് ഇന്ധനം ചോദിക്കൂ എന്നാണ് ഇസ്രയേലിന്റെ മറുപടി. ഹമാസ് വന്‍തോതില്‍ ഇന്ധനം പൂഴ്ത്തി വച്ചിരിക്കുകയാണെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ അടക്കമുള്ള ഉപാധികളില്ലാതെ ഹമാസ് ബന്ദികളായി പാര്‍പ്പിച്ചിരിക്കുന്ന ഇസ്രയേല്‍ പൗരന്‍മാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമേരിക്ക യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചു. സ്വയം പ്രതിരോധത്തിന് രാജ്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അവകാശമുണ്ടെന്നായിരുന്നു അമേരിക്കയുടെ നിലപാട്. എന്നാല്‍ പ്രമേയത്തെ റഷ്യയും ചൈനയും വീറ്റോ ചെയ്തു. പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു എന്നാല്‍ യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ പ്രമേയത്തിന്‍മേലുള്ള അവരുടെ എതിര്‍പ്പ് അറിയിച്ചു. അടിയന്തര വെടിനിര്‍ത്തില്‍ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയത്തെ നാല് രാജ്യങ്ങള്‍ അനുകൂലിക്കുകയും രണ്ട് രാജ്യങ്ങള്‍ എതിര്‍ക്കുകയും പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു.