മഴ ലഹരിയില്‍ യു.എ.ഇ; മുന്നറിയിപ്പുമായി അധികൃതര്‍

Share

ദുബായ്: യുഎഇ-യുടെ പല ഭാഗങ്ങളിലും ഇന്നലെയും ഇന്നുമായി മഴ ലഭിച്ചതായി യുഎഇ-യുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഇടിമിന്നലോടുകൂടിയ മഴ പെയ്തുവെന്നും പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷമുണ്ടായതായും കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹത്ത, അബുദാബി അല്‍ ദഫ്ര മേഖല, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഷാര്‍ജയിലെ അല്‍ സെയൂഹ് എന്നിവിടങ്ങളിലാണ് വ്യത്യസ്ത അളവില്‍ മഴ രേഖപ്പെടുത്തിയത്. ദുബായില്‍ ഇന്ന് അല്‍ നഹ്ദ, ദേര ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ നല്ലതോതില്‍ മഴ പെയ്തു. ദുബായിലും സമീപ എമിറേറ്റുകളിലും നിലവില്‍ മഴ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന തരത്തില്‍ ആകാശം മേഘാവൃതവും അന്തരീക്ഷം മൂടിക്കെട്ടിയ അവസ്ഥയിലുമാണ്. അസ്ഥിരമായ കാലാവസ്ഥ പ്രകടമാകുന്നതിനാല്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വാഹനയാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കാലാവസ്ഥാ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

മോശം കാലാവസ്ഥയില്‍ വാഹനത്തിന്റെ വേഗത കുറയ്ക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ് അധികൃതര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി. വേഗതയുടെ പരിധി മണിക്കൂറില്‍ 80 കിലോമീറ്ററായി കുറച്ച് നിരവധി റോഡുകളില്‍ വേഗത കുറയ്ക്കല്‍ സംവിധാനങ്ങള്‍ സജീവമാക്കിയതായ് അബുദബി പോലീസ് വ്യക്തമാക്കി. മോശം കാലാവസ്ഥയില്‍ മരങ്ങള്‍ കടപുഴകി വീഴുകയോ അപകടരീതിയില്‍ വെള്ളക്കെട്ടുണ്ടാവുകയോ വൈദ്യുതി തൂണുകള്‍ നിലംപൊത്തുകയോ ചെയ്താല്‍ 993 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി. താഴ്വരകള്‍ ഉള്‍പ്പെടെ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പുറത്ത് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.