ദുബായ്: രാജ്യദ്രോഹം എന്ന കുറ്റം ആരോപിച്ച് ഖത്തറില്‍ തടവിലായ ഒരു മലയാളി ഉള്‍പ്പെടെ 8 മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചു. ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് ഈ ദുര്‍വിധി. എന്നാല്‍ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്ന കമ്പനിയിലുള്ള ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തത്. ക്യാപ്റ്റന്‍ നവ്തേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ പുരേന്ദു തിവാരി, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, നാവികന്‍ രാഗേഷ് എന്നിവര്‍ക്കാണ്ഖത്തറില്‍ വധശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ ഒരു വര്‍ഷമായി ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അറുപത് വയസ്സിന് മുകളിലില്‍ പ്രായമുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ വിധിച്ചതെന്നാണ് വിവരം.
എന്നാല്‍ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നോ എന്തൊക്കെയാണ് ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെന്നോ എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. വിചാരണ വളരെ രഹസ്യമായതിനാല്‍ ആദ്യഘട്ടങ്ങളില്‍ ഇന്ത്യക്ക് ഇടപെടുന്നതിനും പരിമിതികളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യന്‍ സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ ചച്ചകള്‍ നടന്നുവരികയായിരുന്നു. അതിനിടയിലാണ് വധശിക്ഷ വിധിച്ചതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.