വാവ സുരേഷിന് ഇനി ധൈര്യമായി പാമ്പ് പിടിക്കാം; ലൈസന്‍സ് നല്‍കി സര്‍ക്കാര്‍

Share

തിരുവനന്തപുരം: പാമ്പിന്റെ തോഴന്‍ എന്ന് വിശേഷിപ്പിക്കുന്ന വാവ സുരേഷിനെ അറിയാത്തവര്‍ കേരളത്തില്‍ കുറവാണ്. ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്ന ഏതുതരം വിഷ പാമ്പുകളേയും അതിസാഹസികമായി പിടികൂടുന്ന വാവ സുരേഷിന് തന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനമാണ് കേരള സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പാമ്പ് പിടിത്തത്തിനുള്ള ഔദ്യോഗിക ലൈസന്‍സ് നല്‍കിയാണ് കേരള വനം വകുപ്പ് വാവ സുരേഷിനോട് നീതി പുലര്‍ത്തിയത്. വനം വകുപ്പിന്റെ ഉദ്യാഗസ്ഥര്‍ പോലും പകച്ചുനിന്ന എത്രയോ സന്ദര്‍ഭങ്ങളില്‍ അവര്‍ക്കു വേണ്ടി ജീവിതം പണയം വച്ച് ആയിരക്കണക്കിന് പാമ്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് അയക്കാന്‍ സഹായിച്ച നന്‍മയുടെ പേരാണ് വാവ സുരേഷ്. അതേസമയം സര്‍ക്കാര്‍ അംഗീകാരമില്ലാതെയാണ് ഇതുവരെ വാവ സുരേഷ് പാമ്പുകളെ പിടികൂടിയതും പരിപാലിച്ചതുമെന്ന സത്യം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വാവ സുരേഷിന് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പാമ്പുകളെ പിടികൂടാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി വാവ സുരേഷ് നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേലുള്ള ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് ലൈസന്‍സ് സംബന്ധിച്ച് തീരുമാനമായത്. നിയമസഭ പെറ്റിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി. ജയപ്രസാദ് അപേക്ഷ അംഗീകരിച്ച് ലൈസന്‍സിനുള്ള ഉത്തരവിറക്കുകയും ചെയ്തു.

മാനദണ്ഡങ്ങള്‍ പാലിച്ച് പാമ്പുകളെ പിടികൂടാനുള്ള ലൈസന്‍സ് വാവ സുരേഷിന് തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടന്‍ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ പരിപാലിക്കുന്നതിനുമുള്ള വാവ സുരേഷിന്റെ വര്‍ഷങ്ങള്‍ നീണ്ട വൈദഗ്ദ്ധ്യം പരിഗണിച്ചാണ് തീരുമാനം. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള വാവ സുരേഷിന്റെ ഇടപെടല്‍ ഏറെ പ്രശംസനീയമാണ്. പാമ്പുകളെ പിടികൂടുന്നതിനിടയില്‍ നിരവധി തവണ ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റ സുരേഷിന് അല്‍ഭുതകരമായാണ് ജീവനും ജീവിതവും തിരിച്ചു കിട്ടിയത്. സര്‍ക്കാര്‍ വച്ചുനീട്ടിയ ജോലിപോലും തിരസ്‌കരിച്ചുകൊണ്ടാണ് പാമ്പുകള്‍ക്കായി മാത്രം ജീവിതം ഉഴിഞ്ഞുവച്ച വാവ സുരേഷ് ഇന്നും ജനകീയനായി മുന്നോട്ടു പോകുന്നത്.