അബുദാബി: കഫെറ്റീരിയ, ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഇരിപ്പിടങ്ങള്‍ ഒരുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി അബുദാബി മുനിസിപ്പാലിറ്റി. ചൂട് കുറഞ്ഞ സാഹചര്യത്തില്‍ അനധികൃതമായി കടയ്ക്കു പുറത്ത് ഇരിപ്പിടങ്ങള്‍ കൂടി വരുന്നു. ഇത് അനുവദിക്കാന്‍ സാധിക്കില്ല. ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, കടകള്‍ എന്നിവിടങ്ങളിലെ സമീപത്തെ നടപ്പാതയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങണം.
കാല്‍നട യാത്രക്കാര്‍ക്ക് തടസം ഉണ്ടാക്കുന്ന തീരിയില്‍ ഒരിക്കലും ഇരിപ്പിടങ്ങള്‍ ഒരുക്കരുത്. ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ സ്ഥലത്തിന്റെ അളവ് സഹിതം നഗരസഭയെ അറിയിച്ച് ഫീസ് അടച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശത്തെക്കുറിച്ച് ബോധവല്‍ക്കരണവും നഗരസഭ ആരംഭിച്ചിട്ടുണ്ട്. ശുചിത്വവും നഗര സൗന്ദര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം സ്വീകരിച്ചിരിക്കുന്നതെനന് അധികൃതര്‍ അറിയിച്ചു.
കെട്ടിട ഉടമയുടെ സമ്മതവും കുറഞ്ഞത് 6 മാസത്തെ വാടക കരാറും ഉണ്ടെങ്കില്‍ TAMM പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ ഉപയോഗിക്കുന്ന സ്ഥലത്ത് ഇടാന്‍ ഉദ്യേശിക്കുന്ന മേശ, കസേര, തണല്‍ക്കുടകള്‍ എന്നിവയുടെ ലേഔട്ട് പ്ലാന്‍ നഗര സഭക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തും. അംഗീകാരം ലഭിച്ചല്‍ ഫീസ് നിശ്ചയിച്ച് നല്‍കും. പിന്നീട് ഫീസ് അടച്ച് ആവശ്യമായ നടപടിയിലേക്ക് പോകാം.
സ്ഥലത്തിന്റെ വലിപ്പം അനുസരിച്ചായിരിക്കും അധികൃതര്‍ ഫീസ് നിശ്ചയിക്കുന്നത്. 10,000 ദിര്‍ഹം കെട്ടിവെക്കണം. ഇത് തിരിച്ചെടുക്കാവുന്ന തുകയാണ്. ഒരു വര്‍ഷത്തേക്കായിരിക്കും ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. നിബന്ധനകള്‍ ലംഘിക്കുകയോ പ്രദേശത്ത് നഗര വികസന പദ്ധതി വരികയോ ചെയ്താല്‍ അനുമതി റദ്ദാക്കും. നിയമം ലംഘിച്ച് ഇരിപ്പിടങ്ങള്‍ മാറ്റിയാല്‍ പിഴ ലഭിക്കും. അനുമതി ലഭിച്ചതിന് ശേഷം മറ്റെന്തെങ്കിലും മാറ്റം വരുത്തിയാവും പിഴ ലഭിക്കും. ഇരിപ്പിടങ്ങള്‍ മാറ്റിയാല്‍ 5000 ദിര്‍ഹം പിഴ ചുമത്തും. എന്നാല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 3000 ദിര്‍ഹം ആയിരിക്കും പിഴ ലഭിക്കുന്നത്. ആവശ്യമായ പെര്‍മിറ്റുകള്‍ സ്വന്തമാക്കിയാല്‍ മാത്രമേ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും മുന്നില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ സാധിക്കുകയുള്ളു.