ശ്രീഹരിക്കോട്ട: ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യമായ ഗഗന്‍യാന്റെ ആദ്യ ആകാശ പരീക്ഷണ വിക്ഷേപം വിജയം. പരീക്ഷണം വിജയമാണെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ഒന്‍പത് മിനിട്ട് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുത്തുകയും ഇത് കൃത്യമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇറക്കുകയും ചെയ്തു. ഈ വിജയം ചരിത്ര നേട്ടത്തിലേക്കുള്ള ആദ്യ പടിയാണെന്ന് ഐ.എസ്.ആര്‍.ഒ പ്രതികരിച്ചു. ആദ്യമുണ്ടായ സാങ്കേതിക തകരാര്‍ തിരിച്ചറിയാനും വളരെ എളുപ്പത്തില്‍ പരിഹരിക്കാനും സാധിച്ചെന്ന് എസ.് സോമനാഥ് അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണ വിക്ഷേപണമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മാറ്റിവച്ചത്. തുടര്‍ന്ന് അല്‍പം മുമ്പ് പരീക്ഷണം വീണ്ടും ആരംഭിക്കുകയായിരുന്നു.
‘ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ ഉയര്‍ത്താനുള്ള ശ്രമം ഇന്ന് നടന്നില്ല. എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലവസ്ഥ പ്രതികൂലമായതിനാല്‍ 8.45 ലേക്ക് മാറ്റിവച്ചിരുന്നു. റോക്കറ്റിനെ ഉയര്‍ത്താനുള്ള ഓട്ടോമാറ്റിക് ലോഞ്ച് സിസ്റ്റം സുഗമമായി ആരംഭിക്കുകയും ചെയ്തു. എന്നാല്‍ വിക്ഷേപണത്തിനായുള്ള ജ്വലന പ്രകിയ സുഗമമായി നടന്നില്ല. ഇതിനാല്‍ ഷെഡ്യൂള്‍ ചെയ്ത ലിഫ്റ്റ് ഓഫിന് അഞ്ച് സെക്കന്‍ഡ് മുമ്പ് വിക്ഷേപണം നിര്‍ത്തിവയ്ക്കേണ്ടിവന്നു.’- എന്നായിരുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സോമനാഥ് നേരത്തെ അറിയിച്ചത് .
ദൗത്യമാതൃകയില്‍ തയ്യാറാക്കിയ റോക്കറ്റും സഞ്ചാരികളുടെ പേടകവും ഭൂമിയില്‍ നിന്ന് 17 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ച് പുറത്തേക്ക് തള്ളിയിടുകയും, സുരക്ഷിതമായി താഴെ എത്തിക്കുകയുമാണ് ചെയ്തത്. മനുഷ്യപേടകം ബഹിരാകാശത്ത് എത്തിയശേഷം അപകടമുണ്ടായാല്‍ സഞ്ചാരികളെ സുരക്ഷിതരായി ഭൂമിയില്‍ എത്തിക്കുന്ന സംവിധാനമായ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണമാണിത്.
ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റും ക്രൂ മൊഡ്യൂള്‍ (സി.എം), ക്രൂ എസ്‌കേപ് സിസ്റ്റം (സി.ഇ.എസ്) എന്നിവയാണ് ഇന്ന് പരീക്ഷിക്കുന്നത്. ക്രൂ എസ്‌കേപ് സിസ്റ്റത്തിന്റെ ഭാഗമായ ഡ്രോഗ് പാരച്യൂട്ടിന്റെ പരീക്ഷണം ഓഗസ്റ്റില്‍ ചണ്ഡീഗഡിലും സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ (എസ്.എം.പി.എസ്) രണ്ടു പരീക്ഷണങ്ങളും സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ പരീക്ഷണം ജൂലായില്‍ മഹേന്ദ്രഗിരിയിലും പൂര്‍ത്തിയാക്കിയിരുന്നു. 2025ലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കുന്നത്.