വെടിപൊട്ടിച്ച് ദേവഗൗഡ; പുലിവാല്‍ പിടിച്ച് സപിഎം; അവസരം മുതലാക്കി യുഡിഎഫ്

Share

തിരുവനന്തപുരം: ജനതാദള്‍ സെക്യുലര്‍ ബിജെപി-യുമായി സഖ്യമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചിരുന്നെന്ന മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന വാസ്തവ വിരുദ്ധവും അസംബന്ധവുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ദീര്‍ഘനാളായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന ഘടക കക്ഷിയാണ് ജെ.ഡി.എസ് എന്നും ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച രാഷ്ട്രീയ പാരമ്പര്യമാണ് അവരുടെ കേരള സംസ്ഥാന നേതൃത്വത്തിനുള്ളതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

എന്നാല്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. ആരുടെയെങ്കിലും വെളിപാടിന് തങ്ങളാരും ഉത്തരവാദികളല്ലെന്നും പിണറായി വിശദമാക്കി. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

ജെഡിഎസ്-ബിജെപി സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പിണറായി വിജയന്‍ അറിഞ്ഞു എന്നത് അസംബന്ധമാണെന്നും ജെഡിഎസില്‍ നടക്കുന്നതെല്ലാം ദേവഗൗഡക്ക് അറിയുമെന്ന് തോന്നുന്നില്ലെന്നും സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ആയുധമാക്കി യുഡിഎഫ് ആക്രമണം നടത്തുമ്പോള്‍ വെളിപ്പെടുത്തലിനെ പാടെ നിഷേധിക്കുകയാണ് ജെഡിഎസ് സംസ്ഥാന നേതൃത്വവും.

അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനും ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തെ അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ വിജയത്തിനും തുടര്‍ഭരണത്തിനും കാരണമായത് ഈ കൂട്ടുകെട്ടാണ്. ലൈഫ്മിഷന്‍ കേസും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം വഴിയില്‍വച്ച് അവസാനിപ്പിച്ചതും ബിജെപി-സിപിഎം കൂട്ടുകെട്ടിന്റെ ഫലമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.