ടെല്‍ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ശമനമില്ലാതെ തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രായേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തും. അതേസമയം സന്ദർശന ലക്ഷ്യം ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്‌തേ അടങ്ങുവെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഗാസയില്‍ കരയുദ്ധം ഏതു നിമിഷവും ആരംഭിച്ചേക്കാമെന്ന അവസ്ഥയാണ്. എന്നാല്‍ ഗാസ പിടിച്ചടക്കാന്‍ ഉദ്ദേശ്യമില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഇസ്രായേല്‍ കടുത്ത തീരുമാനത്തില്‍ നിന്നും പിൻമാറിയതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അതേസമയം കരയുദ്ധത്തിന് മുമ്പ് തെക്കന്‍ ഗാസ വഴി ജനത്തിന് ഒഴിയാന്‍ അഞ്ചു മണിക്കൂര്‍ വെടിനിറുത്തല്‍ അംഗീകരിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസം നിഷേധിച്ചു. എന്നാല്‍ ഈജിപ്തിനും ഗാസയ്ക്കുമിടയിലെ റാഫ അതിര്‍ത്തി അടച്ചിരിക്കുകയാണെന്നും വെടിനിറുത്തലിനില്ലെന്നും ഹമാസും പ്രതികരിച്ചു.
അതിനിടെ, ഇസ്രയേല്‍ വ്യോമാക്രമണം നിറുത്തുകയാണെങ്കിൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാന്‍ ഇന്നലെ വ്യക്തമാക്കി. ബന്ദികള്‍ 199 പേരെന്നാണ് ഇസ്രയേല്‍ സ്ഥിരീകരണം. 152 പേരെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്. കരയുദ്ധം തുടങ്ങിയാല്‍ ഹിസ്ബുള്ളയുടെ ആക്രമണവും പ്രതീക്ഷിക്കുന്ന ഇസ്രായേല്‍ ലെബനന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിലെ 28 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇറാന്റെ ആയുധം വന്‍തോതില്‍ കൈവശമുള്ള ഹിസ്ബുള്ളയ്ക്ക് ഹമാസിനേക്കള്‍ പ്രഹരശേഷിയുണ്ട്. ബന്ദികളില്‍ ചിലരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട നെതന്യാഹു അവരെ ജീവനോടെ തിരിച്ചെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നല്‍കി. ഈ മാസം 7-ന് ഹമാസ് പോരാളികൾ വനിതാ സുരക്ഷാ ജീവനക്കാരെ വധിക്കുന്ന വീഡിയോയും ഇസ്രയേല്‍ ഇന്നലെ പുറത്തുവിട്ടു. റൂമില്‍ കഴിയുന്നവരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവച്ചു കൊല്ലുന്നതാണ് വീഡിയോയിലുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഗാസയിലെ ജനജീവിതം പ്രതിസന്ധിയിൽ തുടരുകയാണ്. വൈദ്യുതിയോ മറ്റ് അവശ്യ സംവിധാനങ്ങളോ ഇല്ലാതെ ആശുപത്രികളെല്ലാം നരകയാതനയിലാണെന്ന് യു.എൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രായേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്രശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയതും യുദ്ധഭീതിയുടെ വ്യാപ്തി ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേൽ സന്ദർശിക്കുന്നതിനെ ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയുമാണ് ലോകം ഉറ്റുനോക്കുന്നത്.