ഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമ വിവാഹമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ നാല് വ്യത്യസ്ത വിധികളാണുണ്ടായത്. വിഷയത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. സ്വവര്‍ഗ ബന്ധം വിഡ്ഢിത്തമല്ലെന്നും സ്വവര്‍ഗ ലൈംഗികത എന്നത് ഒരു നഗര സങ്കല്‍പമല്ലെന്നും നഗരങ്ങളില്‍ ഉള്ള എല്ലാവരും വരേണ്യ വര്‍ഗമല്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അതേസമയം സ്‌പെഷ്യല്‍ മാര്യേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതായും നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരണമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. ഇതില്‍ ചീഫ് ജസ്റ്റിസും, ജസ്റ്റിസ് സഞ്ജയ് കൗളും മാത്രമാണ് ഹര്‍ജിയെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, നരസിംഹ, ഹിമ കോലി എന്നിവര്‍ ഹര്‍ജിയെ എതിര്‍ത്തു
സ്വവര്‍ഗ വിവാഹമെന്ന് രജിസ്റ്റര്‍ ചെയ്യുന്നതിന് സ്പെഷ്യല്‍ മാര്യേജ് ആക്ടിലെ ‘പുരുഷനും സ്ത്രീയും’ എന്നതിനു പകരമായി ‘വ്യക്തി’ എന്നും ‘ഭര്‍ത്താവും ഭാര്യയും’ എന്നതിന് പകരം ‘ദമ്പതിമാര്‍’ എന്നാക്കി മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പത്തു ദിവസം വിശദമായി വാദം കേട്ട ശേഷം മേയ് പതിനൊന്നിനാണ് ഇരുപത്തിയൊന്ന് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്. കേന്ദ്രസര്‍ക്കാരിന്റെയും, വ്യക്തികളുടെയും, സംഘടനകളുടെയും അടക്കം എതിര്‍ വാദങ്ങളും കേട്ടു. നാല്‍പത് മണിക്കൂറോളമാണ് വാദം കേട്ടത്. പാര്‍ലമെന്റ് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കി വിധി പറയാനാകില്ലെന്ന് കോടതി നേരത്തെ പ്രതികരിച്ചിരുന്നു.
സ്വവര്‍ഗ വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതുപോലെ സ്വവര്‍ഗാനുരാഗികള്‍ക്ക് രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങള്‍ നല്‍കണമെന്നും ഇവര്‍ കോടതിയില്‍ വാദം ഉന്നയിച്ചു. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹിത്ഗി, അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രന്‍, ആനന്ദ ഗ്രോവര്‍, മേനക ഗുരുസ്വാമി എന്നിവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാരും, രാജസ്ഥാന്‍, അസാം, ആന്ധ്ര സംസ്ഥാനങ്ങളും സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ എതിര്‍ത്തു. കേരളം അടക്കം മറ്റ് സംസ്ഥാനങ്ങള്‍ തുറന്ന കോടതിയില്‍ നിലപാട് അറിയിച്ചിരുന്നില്ല. സമൂഹത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സങ്കീര്‍ണമായ വിഷയമാണെന്നും വ്യക്തി നിയമങ്ങളെ അടക്കം ബാധിക്കുമെന്നും കേന്ദ്രം നിലപാടെടുത്തു. സമൂഹത്തിലും സര്‍ക്കാര്‍ തലത്തിലും സംവാദം നടക്കണമെന്നും വിഷയം പാര്‍ലമെന്റിന്റെ പരിധിയില്‍പ്പെട്ട കാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചു.