നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം തൃശൂര്‍ പുത്തൂരിനടുത്ത്

Share

തൃശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാര്‍ഥികളായ വടൂക്കര സ്വദേശി സയിദ് ഹുസൈന്‍, പൂങ്കുന്നം സ്വദേശി നിവേദ്, കുറ്റൂര്‍ സ്വദേശികളായ വിലങ്ങാടന്‍ വീട്ടിലെ അഭിന്‍ ജോണ്‍, അര്‍ജുന്‍ എന്നിവരാണ് മുങ്ങി മരിച്ചത്. ഇവരില്‍ അഭിന്‍ ജോണ്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥിയും മറ്റ് മൂന്നുപേര്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളുമാണ്.

ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 2.30 ഓടെ മണലി പുഴയിലെ ചെക്ക്ഡാമിലാണ് ദുരന്തമുണ്ടായത്. സുഹൃത്തുക്കളായ സംഘം സ്ഥലത്ത് കുളിക്കാന്‍ എത്തിയതായിരുന്നു. ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിച്ചതാണ് മറ്റുള്ളവരും അപകടത്തില്‍പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ  ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് വെള്ളത്തിലാണ്ടുപോയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.  ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.