ദുബായ്: ദുബായില്‍ പഠിക്കുന്ന മലയാളി പെണ്‍കുട്ടിക്ക് 10 വര്‍ഷത്തെ യു.എ.ഇ ഗോള്‍ഡന്‍ വിസ. ദുബായ് മിഡില്‍ സെക്‌സ് യുണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയും കേരളത്തിലെ കാസര്‍ഗോഡ് സ്വദേശിയുമായ നേഹ ഹുസൈനാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്‌സില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് സ്വന്തമാക്കി. പിന്നീടാണ് ഉപരി പഠനത്തിനായി യുണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഈ വിഭാഗത്തിലാണ് നേഹ ഹുസൈന്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹയായത്.
ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ കാസര്‍കോട് തളങ്കര സ്വദേശി ഹുസൈന്‍ പടിഞ്ഞാറിന്റെയും അയിഷയുടെയും മകളാണ് നേഹ ഹുസൈന്‍. നേഹ വിദ്യാഭ്യാസ മികവിന് ഒട്ടേറെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം നല്‍കിയാണ് ഗോള്‍ഡന്‍ വിസക്കായി അപേക്ഷ നല്‍കിയത്. 2019-ലാണ് ദുബായ് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തുടങ്ങിയത്. യു.എ.ഇ-യില്‍ താമസിക്കാന്‍ ദീര്‍ഘകാല താമസ വിസ നല്‍കുന്നു എന്നതാണ് രാജ്യം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതുവഴി വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരം ലഭിക്കുന്നു. ടൂറിസത്തിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ ഇത്തരത്തിലൊരു ആശയം മുന്നോട്ടുവെച്ചത്.