അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍; നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനസജ്ജമാകും

Share

ദുബായ്: അബുദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനല്‍-എ 2023 നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ടെര്‍മിനല്‍ ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇത്തിഹാദ് എയര്‍വേയ്സ് ഒക്ടോബര്‍ 31-ന് പരീക്ഷണ സര്‍വീസ് നടത്തും. തുടര്‍ന്ന് വിമാന സര്‍വീസുകള്‍ രണ്ടാഴ്ച സമയത്തിനുള്ളില്‍ മൂന്ന് ഘട്ടങ്ങളിലായി പൂര്‍ണമായും ടെര്‍മിനല്‍ എ-യിലേക്ക് മാറും. വിസ് എയര്‍ അബുദാബിയെ കൂടാതെ 15-ഓളം അന്താരാഷ്ട്ര എയര്‍ലൈനുകളും നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസുകള്‍ നടത്തിത്തുടങ്ങും. നവംബര്‍ 9 മുതല്‍ ഇത്തിഹാദ് എയര്‍വേയ്സ് പ്രതിദിനം 16 സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ അറേബ്യ അബുദബിയുടെയും മറ്റ് 28 എയര്‍ലൈനുകളുടെയും സര്‍വീസുകള്‍ നവംബര്‍ 14-ഓടെ പൂര്‍ണമായും പുതിയ ടെര്‍മിനലിലേക്ക് മാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.