കൊച്ചി: രണ്ടു വര്‍ഷമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസന്വേഷണത്തില്‍ സി.ബി.ഐക്കു വഴിയൊരുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിട്ടില്ല. ഇ.ഡി. അന്വേഷണത്തിന്റെ പുരോഗതി ഹൈക്കോടതി നീരിക്ഷിച്ചു വരികയാണ്. ഇ.ഡി. നടപടി അന്തിമഘട്ടത്തിലെത്തുന്ന മുറയ്ക്കു ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്കു വിടാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണു റെയ്ഡുകളില്‍ പിടിച്ചെടുത്ത രേഖകളും ബാങ്ക് ലഡ്ജറുകളും ആധാരങ്ങളും ക്രൈംബ്രാഞ്ച് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇ.ഡി കൈമാറാത്തതെന്നാണു സൂചന.
അന്വേഷണം സി.ബി.ഐക്കു കൈമാറിയാല്‍, രേഖകളെല്ലാം അവര്‍ക്കു നല്‍കാനാണു ഇ.ഡി നീക്കം. രേഖകള്‍ ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരില്‍ ചിലര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നു ഇ.ഡി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണ വിഷയത്തില്‍ കോടതി സി.ബി.ഐയുടെ നിലപാട് തേടിയാല്‍, അനുകൂല മറുപടി നല്‍കാനാണു സാധ്യത. പ്രതികളില്‍ ചിലര്‍ തട്ടിപ്പു പണം വിദേശത്തേക്കു കടത്തി ബിസിനസില്‍ നിക്ഷേപിച്ചതായും സംശയമുണ്ട്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ബാങ്കിലെ എക്സ്റ്റന്‍ഷന്‍ ശാഖ മാനേജര്‍ എം.വി. സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതിയിലുള്ളത്. 227 കോടിയുടെ തട്ടിപ്പു നടന്നതായാണു സഹകരണ വകുപ്പു കണ്ടെത്തിയത്. എന്നാല്‍, തട്ടിപ്പ് 400 കോടി വരുമെന്നാണു ഇ.ഡിയുടെ കണ്ടെത്തല്‍.