ബാഗ്ദാദ് : ഹമാസും ഇസ്രയേലുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രായേലിനെതിരെ പുതിയ യുദ്ധമുന്നണി രൂപീകരിക്കുന്നതില്‍ നിലപാട് വ്യക്തമാക്കി ഇറാന്‍. ഇസ്രയേലിനെതിരെ പുതിയ മുന്നണി രൂപീകരിക്കുന്നത് ഗാസയിലെ ഇസ്രയേലിന്റെ നീക്കങ്ങളെ ആശ്രയിച്ചായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയന്‍ അറിയിച്ചു. ദീര്‍ഘകാലമായി ഹമാസിന് പിന്തുണ നല്‍കുന്നെങ്കിലും ഇസ്രയേലിനെതിരെ നടന്ന റോക്കറ്റാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നൂം ഇറാന്‍ ആവര്‍ത്തിച്ചു.
അതേസമയം ഇറാന്റെ പിന്തുണയുള്ള സായുധ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ഇടപെടല്‍ ഇസ്രയേല്‍ – ലെബനന്‍ അതിര്‍ത്തിയില്‍ പുതിയ പോര്‍മുഖം തുറക്കുമെന്ന് അമേരിക്കയ്ക്ക് ആശങ്കയുണ്ട്. പ്രശ്‌നത്തില്‍ ജാഗ്രത പാലിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനെതിരെ പുതിയ ചേരി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പല രാജ്യങ്ങളും സമീപിച്ചിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയില്‍ ഇസ്രയേലിന്റെ പുതിയ നീക്കങ്ങളെ ആശ്രയിച്ചാണ് ഭാവി നടപടികളെന്നാണ് എല്ലാവര്‍ക്കും മറുപടി നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ഇപ്പോഴും കുറ്റകൃത്യങ്ങള്‍ തുടരുകയാണെന്നും ഹുസൈന്‍ പറഞ്ഞു. വ്യാഴാഴ്ച ലെബനനില്‍ എത്തിയ ഹുസൈന്‍ ഇന്ന് ലബനീസ് അധികൃതരുമായി ചര്‍ച്ച നടത്തും. ഹിസ്ബുള്ള, ഹമാസ് പ്രതിനിധികളാണ് ഹുസൈനെ ലെബനനില്‍ സ്വീകരിച്ചത്.