രൂപയുടെ മൂല്യം ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ തിരക്ക്

Share

ദുബായ്: ഗള്‍ഫ് കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വെള്ളിയാഴ്ച വിപണികള്‍ സജീവമായപ്പോള്‍ യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് ഗണ്യമായ ഇടിവുണ്ടായി. ഇന്ത്യന്‍ കറന്‍സി ഡോളറിന് 83.24-രൂപയിലും യുഎഇ ദിര്‍ഹം 22.68-ലുമാണ് ഇന്ന് വ്യാപാരം നടന്നത്. ഇന്ന് രൂപ വന്‍തോതില്‍ ഇടിയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക് കാരണം ഇന്ത്യന്‍ കറന്‍സി സമ്മര്‍ദ്ദത്തില്‍ തുടരുകയാണെന്ന് ഫോറെക്‌സ് വിദഗ്ധര്‍ പറഞ്ഞു. ഏഷ്യന്‍ യു.എസ് ട്രഷറി യീല്‍ഡുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ കറന്‍സികള്‍ 0.3 മുതല്‍ 0.8 ശതമാനം വരെ കുറഞ്ഞതായാണ് വിലയിരുത്തല്‍.

അതേസമയം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമായി മാറിയിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് പണമയക്കാന്‍ ഇന്ന് രാവിലെ മുതല്‍ യു.എ.ഇ-യിലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് പണം അയയ്ക്കുമ്പോള്‍ നല്ല എക്‌സ്‌ചേഞ്ച് റേറ്റായിരിക്കും ലഭിക്കുക. ഇത്തരം സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച് കിട്ടുന്ന ശമ്പളം അതത് മാസങ്ങളില്‍ നാട്ടിലേക്ക് അയയ്ക്കാതെ സൂക്ഷിച്ചു വയ്ക്കുന്നവരും നിരവധിയാണ്. അവര്‍ക്ക് ഇതുപോലുള്ള അവസരങ്ങള്‍ ഏറെ ഗുണകരമാകും.