സൗദിയുടെ മുഖച്ഛായ മാറുന്നു; പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ പുറത്തുവിട്ടു

Share

റിയാദ്: ടൂറിസം രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ തിരക്കിലാണ് സൗദി അറേബ്യ. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം അത്യാധുനിക സംവിധാനങ്ങളോടെ വിശാലമായി നവീകരിക്കാനൊരുങ്ങുകയാണ് സൗദി. പ്രതിവര്‍ഷം 1.3 കോടിയിലധികം യാത്രികര്‍ക്ക് വന്നുപോകാന്‍ കഴിയുന്ന ശേഷിയോടെയായിരിക്കും പുതിയ ടെര്‍മിനലുകള്‍ സജ്ജീകരിക്കുന്നത്.

നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ പ്രഖ്യാപനത്തോടൊപ്പം മാസ്റ്റര്‍പ്ലാനും സൗദി അറേബ്യ പുറത്തിറക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദാണ് പുതിയ വിമാനത്താവളത്തിന്റെ പ്രഖ്യാപനം നടത്തിയത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന അസീര്‍ മേഖല സൗദിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. വര്‍ഷത്തിലുടനീളം നല്ല തണുപ്പ് ലഭിക്കുന്ന കോടമഞ്ഞ് നിറഞ്ഞ പ്രദേശമായതിനാല്‍ സ്വാഭാവികമായും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്.

മാസ്റ്റര്‍ പ്ലാന്‍ പ്രകാരം അസീറിലെ പുതിയ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 90,000-ത്തിലധികം വിമാനസര്‍വീസുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. നിലവിലുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 15 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി മാത്രമാണുള്ളത്. ഇത് പത്തിരട്ടിയായി വര്‍ധിപ്പിക്കുകയും ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന 30,000 വിമാനങ്ങളില്‍ നിന്ന് 2028-ല്‍ അത് മൂന്നിരട്ടിയായി ശേഷി ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ വിമാനത്താവളത്തില്‍ 20 ഗേറ്റുകളും 41 ചെക്ക്ഇന്‍ കൗണ്ടറുകളും 7 പുതിയ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്നുകളും ഉണ്ടായിരിക്കുമെന്ന് മാസ്റ്റര്‍പ്ലാനില്‍ പറയുന്നു.

അസീര്‍ മേഖലയുടെ ടൂറിസം വികസനത്തില്‍ വലിയ പങ്ക് വഹിക്കുമെന്ന് കരുതപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടം 2028-ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും അത്യാധുനിക വിമാനത്താവളവും മറ്റ് ഗതാഗത ശൃംഖലകളും വിപുലപ്പെടുത്തുകയെന്നത് സൗദി വിഷന്‍ 2030-ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. പുതിയ വിമാനത്താവളങ്ങളും എയര്‍ലൈനുകളും സജ്ജമാക്കുകയും റിയാദ് എയര്‍ എന്ന പുതിയ വിമാനക്കമ്പനി രൂപീകരിച്ചതും ഇതിന്റെ ഭാഗമായാണ്.