കരയുദ്ധത്തിന് തയ്യാറായി ഇസ്രായേല്‍; വന്‍ സൈനിക വിന്യാസം

Share

ഗാസ: ഹമാസ്-ഇസ്രയേല്‍ യുദ്ധം ആരംഭിച്ച് അഞ്ച് ദിവസങ്ങള്‍ പിന്നിടുകയാണ്. യുദ്ധത്തില്‍ ഇതിനോടകം 3500 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇസ്രയേലില്‍ മാത്രം മരണസംഖ്യ 1200 കടന്നു. 5000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയിലും പ്രദേശങ്ങളിലുമായി 2000-ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഗാസയ്ക്ക് സമീപം നൂറുകണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗാസയ്ക്ക് സമീപമുള്ള ഇസ്രയേലിലെ കഫാര്‍ ആസയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിനശിച്ച വീടുകള്‍ക്കും കാറുകള്‍ക്കുമിടയിലായിരുന്നു മൃതദേഹങ്ങള്‍. ഈ മേഖലയില്‍ താമസിച്ചിരുന്ന നിരവധി വിദേശ തൊഴിലാളികളും ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഗാസയില്‍ ഇസ്രയേല്‍ വ്യോമസേനയുടെ ബോംബാംക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം 200 കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഹമാസിന്റെ സുപ്രധാന ഭരണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇതിനിടെ ഗാസയില്‍ അഭയാര്‍ത്ഥികളായവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആയിരം പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. നിരപരാധികള്‍ കൂട്ടമായി മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കാന്‍ കഴിയുമോ എന്നതില്‍ ഈജിപ്തുമായും ഇസ്രായേലുമായും ചര്‍ച്ച നടക്കുന്നുവെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ച് ഈജിപ്തിലേക്ക് കൊണ്ടുപോകാന്‍ കഴിയുമോ എന്ന ആലോചനയിലാണ് അമേരിക്കയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന്‍ അതിര്‍ത്തിയിലുമായി ഇസ്രയേല്‍ ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഹമാസിന്റെ ആയുധശേഖരം ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപനം. ഗാസയിലെ വൈദ്യുതി നിലയം ഉടന്‍ അടയ്ക്കുമെന്നാണ് സൂചന. ഗാസ ഇനിയൊരിക്കലും പഴയതുപോലെ ആയിരിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഈ യുദ്ധം ഹമാസിന്റെ നേതാക്കളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് വ്യക്തമാക്കി. അതേസമയം യുദ്ധം തുടങ്ങിവച്ചത് ഹമാസാണെന്നും എന്നാല്‍ ഇത് അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.