ജയ്‌ഷെ ഭീകരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു; വധിച്ചത് പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനെ

Share

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്‌ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് (41) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍ അജ്ഞാതര്‍ ഷാഹിദ് ലത്തീഫിനെ വെടിവച്ച് കൊല്ലുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യം നടത്തിയ ശേഷം അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

പ്രാദേശികമായ തീവ്രവാദ സംഘങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ പ്രധാനിയായ ഷാഹിദ് ലത്തീഫ് 2010 മുതല്‍ ഇന്ത്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയില്‍ ഉള്ള ആളാണ്. 2016-ലെ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്. ഇയാള്‍ക്കായി ഇന്ത്യ വലവിരിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഇയാള്‍ക്കെതിര എന്‍ഐഎ യുഎപിഎ ചുമത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഷാഹിദിന്റെ നേതൃത്വത്തില്‍ നാല് ഭീകരര്‍ ചേര്‍ന്നാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍. 1994ല്‍ ഇയാള്‍ ലഹരി, തീവ്രവാദക്കേസുകളില്‍ ജമ്മുകശ്മീരില്‍ അറസ്റ്റിലായിരുന്നു. 16വര്‍ഷത്തെ തടവിന് ശേഷം വാഗാ അതിര്‍ത്തിയിലൂടെ ഇയാളെ നാടുകടത്തി. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയ കേസിലെയും പ്രതിയായിരുന്നു ഷാഹിദ് ലത്തീഫ്.