NEWS DESK: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടു. ഹുറൂണ്‍ 360-യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 8 ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ് (8,08,700) കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആകെയുള്ള ആസ്തി. മുന്‍ വര്‍ഷത്തെ ആസ്തിയില്‍ നിന്നും രണ്ട് ശതമാനം വര്‍ദ്ധന കൈവരിക്കാന്‍ ഇത്തവണ അംബാനിക്ക് കഴിഞ്ഞു. പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ഗൗതം അദാനിക്ക് നാല് ലക്ഷത്തി എഴുപത്തി നാലായിരത്തി എണ്ണൂറ് (4,74,800) കോടി രൂപയുടെ ആസ്തിയാണുള്ളത്. അദാനിയുടെ സ്വത്തില്‍ 57 ശതമാനത്തിന്റെ ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ക്ക് വന്‍ ഇടിവ് രേഖപ്പെടുത്തിയതാണ് തിരിച്ചടിക്കുള്ള കാരണമായത്. അതേസമയം എഡ്യൂ-ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിന്റെ സഹസ്രകോടീശ്വര പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്തായി.
2,78,500 കോടി രൂപയുടെ ആസ്തിയുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സ്ഥാപകന്‍ സൈറസ് എസ് പൂനവാല പട്ടികയില്‍ മൂന്നാം സ്ഥാനത്തും എച്ച്.സി.എല്‍ ഗ്രൂപ്പിന്റെ ശിവ് നാടാര്‍ 2,28,900 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള ഗോപിചന്ദ് ഹിന്ദുജയും കുടുംബവത്തിനും 1,76,500 കോടി രൂപയാണ് ആസ്തി. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് സാംഘ്വി 1,64,300 കോടി രൂപയുമായി ആറാം സ്ഥാനത്ത് തുടരുമ്പോള്‍ 1,62,300 കോടി രൂപ ആസ്തിയോടെ ലക്ഷ്മി മിത്തലും കുടുംബവും ഏഴാം സ്ഥാനം കൈയടക്കി.
എട്ടാം സ്ഥാനത്ത് 1,43,900 കോടി രൂപ ആസ്തിയോടെ അവന്യൂ സൂപ്പര്‍ മാര്‍ട്ടിന്റെ രാധാകിഷന്‍ ദമാനിയാണ് 1,25,600 കോടി രൂപ ആസ്തിയോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ളയും കുടുംബവും ഒമ്പതാം സ്ഥാനത്തും 1,20,700 കോടി രൂപ ആസ്തിയോടെ ബജാജ് ഓട്ടോയുടെ നീരജ് ബജാജും കുടുംബവും പത്താം സ്ഥാനത്തുമാണ്. എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റുള്ളവരുടെ സ്ഥാനം. അതേസമയം ഇന്ത്യയിലെ ടോപ്പ് 10 സമ്പന്നരുടെ പട്ടികയില്‍ നിന്ന് വിനോദ് അദാനിയും ഉദയ് കൊട്ടക്കും പുറത്തായി. സെപ്‌റ്റോ സ്ഥാപിച്ച 20 കാരനായ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍. പട്ടികയിലെ ധനികരായ വനിതകളില്‍ സോഹോയുടെ രാധ വെമ്പു ആണ് മുന്നില്‍. നൈകയുടെ ഫാല്‍ഗുനി നയ്യാറിനെ പിന്തള്ളിയാണ് രാധ വെമ്പു മുന്നേറിയത്. ഇന്ത്യയില്‍ 1,000 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള വ്യക്തികള്‍ നിലവില്‍ 1,319 പേരാണ്.