ചാര്‍ജിംഗിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; മുറി പൂര്‍ണമായും കത്തിനശിച്ചു

Share

പാലക്കാട്: പാലക്കാട് പൊല്‍പ്പുള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സംഭവം. ചാര്‍ജ് ചെയ്യുകയായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മുറിയില്‍ തീപടര്‍ന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കത്തിനശിച്ചു. പൊല്‍പ്പുള്ളി വേര്‍കോലിയില്‍ ബി. ഷാജുവിന്റെ വീട്ടിലാണ് അവിചാരിതമായ സംഭവം ഉണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്ത് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.

പനിയായി കിടപ്പിലായിരുന്ന ഷാജു തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഫോണ്‍ ചാര്‍ജിലിട്ടശേഷം പുറത്തേക്ക് പോകുന്ന വേളയിലാണ് മുറിയില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മുറിയിലാകെ തീപടരുന്നത് കണ്ടത്. ഉടന്‍ തന്നെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിഛേദിക്കുകയും തുടര്‍ന്ന് മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കുകയായിരുന്നു എന്ന് ഷാജു പറഞ്ഞു.

പൊട്ടിത്തെറിച്ച ഫോണ്‍ കിടക്കയിലേയ്ക്ക് വീണതാണ് മുറി മുഴുവന്‍ തീപടരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കിടക്ക, കട്ടില്‍, ഹോം തീയേറ്റര്‍, അലമാര, ടിവി, പേഴ്‌സിലുണ്ടായിരുന്ന പാന്‍ കാര്‍ഡ്, ലൈസന്‍സ് ഒപ്പം 5500 രൂപ എന്നിവയെല്ലാം കത്തി നശിച്ചു. തീയണയ്ക്കുന്നതിനിടെ ഷാജുവിനും ചെറിയ തോതില്‍ പൊള്ളലേറ്റു. സംഭവത്തില്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഷാജു പറഞ്ഞു. അപകടം നടക്കുമ്പോള്‍ ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടെ മുറിക്ക് പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിലും സമാനമായ സംഭവമുണ്ടായി. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തഞ്ചാവൂര്‍ സ്വദേശിയായ യുവതി മരിച്ചു. മൊബൈല്‍ ഫോണ്‍ സര്‍വീസ് കട നടത്തി വരികയായിരുന്ന 33 കാരിയായ പി. കോകിലയാണ് ഗുരുതരമായ പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയത്. ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ സംസാരിക്കുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്.