മാസപ്പടി വിവാദം; ഹര്‍ജി പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി

Share

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കണമെന്ന പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനോടും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടും കുടുംബം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരനായ ഗിരീഷ് ബാബു മരണപ്പെട്ട സാഹചര്യത്തില്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാനില്ലെന്നും ഹര്‍ജിയില്‍ കക്ഷി ചേരാനില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാട്. കേസിലെ ഹര്‍ജിക്കാരന്‍ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഈ അടുത്ത ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ തീരുമാനം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിയില്‍ കുടുംബം പങ്കുചേരേണ്ടതില്ലെന്നും റിവിഷന്‍ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സിഎംആര്‍എലും മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജികും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നത്. എക്സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എം.എല്‍.എ-മാരായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് തള്ളിയത്. ഹര്‍ജി സ്വീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.