രാഷ്ട്രീയ നിയോഗം; ചാണ്ടി ഉമ്മന്റെ സാന്നിധ്യത്തില്‍ സഭയില്‍ സോളാര്‍ ചര്‍ച്ച

Share

തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി. വിഷയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തും. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി ഷാഫി പമ്പില്‍ നല്‍കിയ നോട്ടീസിലാണ് ചര്‍ച്ച നടത്തുക. ഇതുസംബന്ധിച്ച ഔദ്യോഗിക രേഖയായ സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാര്‍ത്ത മാത്രമാണ് മുന്നിലുള്ളത്. എങ്കിലും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനിടെ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചോദ്യോത്തര വേളയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ തനിക്ക് അനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. ഇരിപ്പിടത്തിലേക്ക് മടങ്ങും മുമ്പ് പ്രതിപക്ഷ എംഎല്‍എമാരോടും അദ്ദേഹം കുശലാന്വേഷണം നടത്തി. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാന്‍ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു.

അതേസമയം 11 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതില്‍ ഇരയായി മാറിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ജീവിച്ചിരിക്കുന്നില്ലെങ്കിലും ആ ചര്‍ച്ചയുടെ ഭാഗമാകാന്‍ മകന്‍ ചാണ്ടി ഉമ്മന്‍ സഭയിലെത്തി എന്നത് കാലനിയോഗമാണ്. ഉമ്മന്‍ ചാണ്ടിയുടെ പേര് സോളാര്‍ കേസിന്റെ പല ഘട്ടങ്ങളിലും വലിച്ചിഴച്ചതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വന്‍ തോതില്‍ പണം കൈപ്പറ്റി ഉമ്മന്‍ചാണ്ടിയുടെ പേര് ബോധപൂര്‍വം കേസില്‍ ഉള്‍പ്പെടുത്തിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ആ ഗൂഢാലോചനയുടെ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. കെ.ബി ഗണേഷ് കുമാറിനൊപ്പം സി.പി.എം നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.