യു.എ.ഇ-യില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധം; വീഴ്ച വരുത്തിയാല്‍ പിഴ

Share

ദുബായ്: യുഎഇ-യുടെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള നീട്ടിയ സമയപരിധി ഈ മാസം അവസാനിക്കും. സ്വകാര്യ മേഖലയിലും ഫെഡറല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലും ഫ്രീ സോണുകളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ 2023 ഒക്ടോബര്‍ 1-ന് മുമ്പ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേരണമെന്നാണ് നിബന്ധന. ഇല്ലാത്ത പക്ഷം ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചെലവ് കുറഞ്ഞ തൊഴില്‍ സുരക്ഷാ പദ്ധതിയിലേക്ക് ഇതിനോടകം ഏകദേശം 5 ദശലക്ഷത്തോളം തൊഴിലാളികള്‍ ചേര്‍ന്നു കഴിഞ്ഞു. തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടത് നിര്‍ബന്ധമാണെന്നും തൊഴിലാളികള്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി കമ്പനികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. companyreg@iloe.ae എന്ന വിലാസത്തില്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സിനോടൊപ്പമാണ് അപേക്ഷിക്കേണ്ടത്.

സമയപരിധിയായ ഒക്ടോബര്‍ 1-ന് മുമ്പ് ഒരു ജീവനക്കാരന്‍ സ്‌കീമില്‍ ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും പദ്ധതിയില്‍ ചേര്‍ന്ന് നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കാതിരുന്നാല്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും 200 ദിര്‍ഹം പിഴ ഈടാക്കുകയും ചെയ്യും. ജീവനക്കാര്‍ പിഴ യഥാസമയം അടച്ചില്ലെങ്കില്‍ തുക അവരുടെ വേതന സംരക്ഷണ സംവിധാനം, എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റി അല്ലെങ്കില്‍ മറ്റേതെങ്കിലും ഇതര മാര്‍ഗ്ഗത്തിലൂടെ അവരുടെ വേതനത്തില്‍ നിന്ന് പിടിച്ചെടുക്കും. മാത്രമല്ല ഈ പിഴ നല്‍കുന്നതുവരെ ജീവനക്കാരന് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുകയുമില്ല. കമ്പനി ഉടമകള്‍, ഗാര്‍ഹിക ജോലിക്കാര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്നവരുമായ വിരമിച്ചവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ കഴിയില്ല. അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള സ്വാഭാവികമായ കാരണങ്ങളാല്‍ ഒരു തൊഴിലാളിക്ക് ജോലി നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് മൂന്ന് മാസം വരെ ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമില്‍ വരിക്കാരായിട്ടുണ്ടെങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. അതായത് 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയില്‍ ഒരാള്‍ ചേര്‍ന്നാല്‍ 2023 ഡിസംബറിന് ശേഷം ജോലി നഷ്ടപ്പെട്ടാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.

16,000 ദിര്‍ഹമോ അതില്‍ താഴെയോ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് പ്രിതിമാസം 5 ദിര്‍ഹംസ് മാത്രമായിരിക്കും പ്രീമിയം തുക. അടിസ്ഥാന ശമ്പളത്തിന്റെ 60% നഷ്ടപരിഹാരമായി ലഭിക്കും എന്നതാണ് പ്രത്യേകത. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തിന് മുകളിലാണെങ്കില്‍ പ്രതിമാസം 10 ദിര്‍ഹം ആയിരിക്കും പ്രീമിയം തുക. ഒപ്പം വാറ്റും ബാധകമായിരിക്കും. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ മാസത്തിലോ മൂന്നുമാസത്തിലോ ആറുമാസത്തിലോ വര്‍ഷത്തിലോ ഒരുമിച്ച് അടയ്ക്കാന്‍ സൗകര്യമുണ്ട്. മൂന്ന് മാസം വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.. അതേസമയം ഗുണഭോക്താവിന് യു.എ.ഇ-യില്‍ പുതിയ ജോലി ലഭിച്ചുകഴിഞ്ഞാല്‍ പദ്ധതി ആനുകൂല്യം ലഭിക്കില്ല. 12 മാസത്തെ പ്രീമിയം കൃത്യസമയത്ത് തന്നെ അടച്ചിരിക്കണം, ഗുണഭോക്താവ് ജോലിയില്‍ നിന്ന് രാജിവെയ്ക്കുന്ന സാഹചര്യം ഉണ്ടാകരുത,് അച്ചടക്ക കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാകരുത്, ജീവനക്കാരനെതിരെ ഒളിച്ചോട്ട പരാതി ഉണ്ടാകരുത് എന്നതാണ് പദ്ധതി ആനുകൂല്യം ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകള്‍.